ഇന്ത്യന്‍ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്ന കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് എസ്‌യുവികള്‍ നിരത്തിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കിയയുടെ ആദ്യ കാര്‍ ഉടന്‍ 2019-ന്റെ തുടക്കത്തില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
വാഹന വിപണിയില്‍ എസ്‌യുവികള്‍ക്ക് ഡിമാന്റ് ഉയരുന്ന സാഹചര്യത്തില്‍ കിയ ഇന്ത്യന്‍ നിരത്തില്‍ എത്തിക്കുന്ന ആദ്യ വാഹനം എസ്‌യുവിയായിരിക്കുമെന്ന് കിയ മോട്ടോഴ്‌സ് സെയില്‍സ് മേധാവി മനോഹര്‍ ഭട്ട് അറിയിച്ചു. മാരുതി, ഹ്യുണ്ടായി പോലുള്ള കമ്പനികള്‍ ചെറുകാറുകള്‍ ഇറക്കിയാണ് വിപണി പിടിച്ചത്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കിയ എസ്‌യുവിയിലേക്ക് നേരിട്ട് കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറിയയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വാഹനവിപണി ഞങ്ങളുടെ പുത്തന്‍ കാല്‍വയ്പ്പാണെന്ന് കിയ മോട്ടോഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യോങ് എസ്.കിം അഭിപ്രായപ്പെട്ടു.
വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഇടംനേടാനാണ് കിയയുടെ ശ്രമം. ഇതിനായി കമ്പനി വലിയ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. 1.1 ബില്ല്യണ്‍ ഡോളര്‍ മുതല്‍ മുടക്കിയാണ് കിയ ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
കര്‍ണാടക- ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ 600 ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പ്ലാന്റില്‍ നിന്ന് ഒരു വര്‍ഷം മൂന്ന് ലക്ഷം വാഹനം പുറത്തെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Content Highlights: Kia Motors Bets Big on SUV, to Launch 5 Models in 3 Years