ജനപ്രിയ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്നതാണ് വാഹനനിര്‍മാതാക്കള്‍ സ്വീകരിച്ചിരിക്കുന്ന നയം. ഇതിന്റെ ഉദാഹരണമാണ് ടാറ്റ നെക്‌സോണ്‍ ഇവി, ഹ്യുണ്ടായി കോന തുടങ്ങിയ വാഹനങ്ങള്‍. ഈ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്താനൊരുങ്ങുകയാണ് കിയ സെല്‍റ്റോസും.
കിയയുടെ എസ്‌യുവി വാഹനമായ സെല്‍റ്റോസ് 2020-ഓടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനമായ കോനയുമായി കരുത്ത് പങ്കിട്ടായിരിക്കും സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് നിര്‍മിക്കുകയെന്നാണ് അഭ്യൂഹങ്ങള്‍.
39.2 കിലോവാട്ട് ബാറ്ററിയും 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറുമാണ് കോനയില്‍ നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും എത്തിയിട്ടുണ്ട്. 201 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ നല്‍കിയിട്ടുള്ളത്.
ഏഷ്യന്‍ നിരത്തുകളില്‍ മാത്രമായിരിക്കും സെല്‍റ്റോസ് ഇവി എത്തുകയെന്നാണ് പ്രാഥമിക വിവരം. കിയയുടെ ജന്മനാടായ ദക്ഷിണ കൊറിയയിലായിരിക്കും ഇലക്ട്രിക് സെല്‍റ്റോസ് ആദ്യമെത്തുക. ഇതിനുപിന്നാലെ തന്നെ ഇന്ത്യയിലും ചൈനയിലൂം ഈ വാഹനം എത്തിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ നിരത്തുകളില്‍ കിയ ആദ്യമെത്തിച്ചിട്ടുള്ള വാഹനമാണ് സെല്‍റ്റോസ്. എസ്‌യുവി ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് രാജ്യം നല്‍കിയിട്ടുള്ളത്. കിയയുടെ രണ്ടാമത്തെ മോഡല്‍ 2020-ന്റെ തുടക്കത്തില്‍ തന്നെയെത്തുമെന്നും സൂചനയുണ്ട്.