എതിരാളികള്‍ ഒരുങ്ങിയിരുന്നോളൂ: കിയ സ്റ്റോണിക്കും ഗ്രാന്റ് കാര്‍ണിവലും വരുന്നു...
2 min read
Read later
Print
Share
More
More
ഏഴ്, എട്ട് സീറ്റുകളിലും വേണമെങ്കില്‍ 11 സീറ്ററാക്കാനുള്ള സൗകര്യവും ഗ്രാന്റ് കാര്‍ണിവലില്‍ ലഭിക്കും.
അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന കൊറിയക്കാരന്‍ കിയ ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളായിരുന്നു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ സ്റ്റോണിക്കും മള്‍ട്ടി പര്‍പ്പസ് ശ്രേണിയിലെ ഗ്രാന്റ് കാര്‍ണിവലും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ രണ്ടു മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് കിയ.
അടുത്ത വര്‍ഷം തുടക്കത്തില്‍ എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയുടെ അടിസ്ഥാനത്തിലുള്ള മോഡലാണ് കിയ ആദ്യം ഇന്ത്യയിലെത്തിക്കുക. ഇതിനു ശേഷമാകും സ്റ്റോണിക്കും ഗ്രാന്റ് കാര്‍ണിവലും എത്തുക. കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത് ഈ രണ്ടു മോഡലുകളായതിനാലാണ് ഇവ രണ്ടും നേരത്തെ പരിഗണിക്കുന്നതെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനൊപ്പം സെഡാന്‍, ഹാച്ച്ബാക്ക് ശ്രേണിയിലും ശക്തികാട്ടാന്‍ നിരവധി മോഡലുകള്‍ കിയ രംഗത്തിറക്കും.
റിയോ ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തിലുള്ളതാണ് സ്‌റ്റോണിക് എസ്‌യുവി. നാലുമീറ്ററില്‍ കുറഞ്ഞ എസ്.യു.വിയാണിത്. യൂറോപ്യന്‍ വിപണിയില്‍ ഇതിന് നാലുമീറ്ററിലും കൂടുതലുണ്ടെങ്കിലും ഇന്ത്യയില്‍ നീളംകുറച്ചായിരിക്കും വരിക എന്നും പറയപ്പെടുന്നു. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്, 1.4 ലിറ്റര്‍ എഞ്ചിനുമായിരിക്കും പെട്രോളില്‍ ഉള്ളത്. ഡീസലില്‍ 1.6 ലിറ്ററായിരിക്കും. ഇന്ത്യയിലെത്തിയാല്‍ ടാറ്റയുടെ നെക്സോണ്‍, ഫോര്‍ഡ് എകോസ്പോര്‍ട്ട്, മാരുതി ബ്രെസ എന്നിവയായിരിക്കും സ്‌റ്റോണിക്കിന്റെ പ്രധാന എതിരാളികള്‍.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കുള്ള എതിരാളിയാണ് ഗ്രാന്റ് കാര്‍ണിവല്‍. വിദേശ വിപണികളില്‍ സെഡോണ എന്ന പേരിലും ഗ്രാന്റ് കാര്‍ണിവല്‍ നിരത്തിലുണ്ട്. ഏഴ്, എട്ട് സീറ്റുകളിലും വേണമെങ്കില്‍ 11 സീറ്ററാക്കാനുള്ള സൗകര്യവും കാര്‍ണിവലില്‍ ലഭിക്കും. ഇതിന് പുറമേ രണ്ടാമത്തെ റോയിലെ സ്ലൈഡിങ് ഡോറാണ് കാര്‍ണിവലിലെ പ്രധാന പ്രത്യേകത. ഇന്നോവ ക്രിസ്റ്റയെക്കാള്‍ നീളവും വീതിയും ഇതിന് കൂടുതലാണ്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 2.2. ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 199 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.
Content Highlights; Kia evaluating Stonic, Grand Carnival for India