ഹ്യുണ്ടായിക്ക് പിന്നാലെ ഇന്ത്യന്‍ നിരത്തിലേക്ക് എത്തുന്ന കൊറിയന്‍ വാഹനനിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. കോംപാക്ട് എസ്‌യുവിയിലൂടെ വരുന്ന ഓഗസ്റ്റില്‍ ഇന്ത്യന്‍ പ്രവേശനം നടത്തുന്ന കിയ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറ് വാഹനങ്ങളാണ് ഇന്ത്യയിലെത്തിക്കാനൊരുങ്ങുന്നത്.
ആദ്യം കോംപാക്ട് എസ്‌യുവിയും രണ്ടാമത് എസ്‌യുവിയും എത്തിക്കുമെന്ന് മുമ്പ് തന്നെ കിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, കിയയുടെ മൂന്നാമന്‍ ക്രോസ്-ഹാച്ച്ബാക്ക് ആയിരിക്കുമെന്നാണ് പുതിയ വിവരം.
കിയ റിയോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ ക്രോസ് ഓവര്‍ മോഡല്‍ 2021-ഓടെ നിരത്തിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. റിയോയുടെ കെ-2 ഹാച്ച്ബാക്ക് ക്രോസ് നിലവില്‍ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇറക്കുന്നുണ്ട്.
എല്‍ഇഡി ഡിആര്‍എല്‍, 16 ഇഞ്ച് അലോയി വീലുകള്‍, റൂഫ് റെയില്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കളര്‍ സ്‌ക്രീനുള്ള മള്‍ട്ടി മീഡിയ സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഹീറ്റഡ് ഫ്രെണ്ട് സീറ്റ്, എന്നിവയാണ് ഈ ഹാച്ച്ബാക്കില്‍ ഒരുക്കുന്ന പ്രധാന ഫീച്ചറുകള്‍.
1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് കിയ ക്രോസ് ഓവര്‍ എത്തുക. 4240 എംഎം നീളവും 1750 എംഎം വീതിയും 1505 എംഎം ഉയരവും ഈ വാഹനത്തിനുണ്ടാകുമെന്നുമാണ് സൂചന.
Content Highlights: Kia Cross-Hatch India Launch On The Cards