സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2019 പകുതിയോടെ ഇന്ത്യന്‍ നിരത്തില്‍ കിയയുടെ വാഹനം ഓടിത്തുടങ്ങും. പ്രാഥമിക ഘട്ടത്തില്‍ രണ്ട് വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്ന കിയ 2020-ഓടെ വാഹന ശ്രേണി വിപുലമാക്കും.
ഇന്ത്യന്‍ നിരത്തില്‍ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് വിദേശ നിരത്തുകളില്‍ സജീവനമായ സീഡ് എന്ന മോഡല്‍ എത്തിക്കാനാണ് കിയ ഉദ്യേശിക്കുന്നതെന്ന് കിയയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി വൂക് വാങ് അറിയിച്ചു.
ജിടി കാര്‍ വിഭാഗത്തിലായിരിക്കും സീഡ് ഇന്ത്യയില്‍ എത്തുക. അതിനാല്‍ തന്നെ കരുത്തായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്ര. വിദേശത്ത് ഇറക്കുന്ന സീഡിന് 4.3 മീറ്റര്‍ നീളമാണുള്ളത്. ഇത് ഇന്ത്യയില്‍ ചെറുകാര്‍ വിഭാഗത്തില്‍ ഇറക്കാന്‍ സാധിക്കില്ല. അതിനാലാണ് ജിടി വിഭാഗത്തില്‍ ഇറക്കുന്നത്.
കിയയുടെ സീഡ് സ്റ്റൈലിനും ഒട്ടും പിന്നിലല്ല. റെഡ് ആന്‍ഡ് ബ്ലാക്ക് ഡുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് സീഡ് പുറത്തിറക്കുന്നത്. സ്‌പോര്‍ട്ടി ബമ്പറുകള്‍, 17 ഇഞ്ച് അലോയി എന്നിവയാണ് എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.
ആഡംബര കാറുകള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ബ്ലാക്ക് ടോണാണ് ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള ഇന്‍ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്‌പോര്‍ട്ടി അലുമിനിയം പെഡല്‍ എന്നിവയാണ് ഇന്റീരിയറിന്റെ പ്രത്യേകത.
140 എച്ച്പി പവര്‍ നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 136 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സീഡിന് കരുത്ത് പകരുന്നത്. രണ്ട് വാഹനത്തിലും സെവന്‍ സ്പീഡ് ഡുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് നല്‍കുന്നത്.