തെക്കന്‍ കൊറിയയില്‍ നിന്നെത്തി ഇന്ത്യന്‍ വാഹന വിപണിയിലെ നിറസാന്നിധ്യമായി മാറിയ ഹ്യൂണ്ടായിക്ക് പിന്നാലെ അതേ നാട്ടില്‍ നിന്നെത്തുന്ന കമ്പനിയാണ് കിയ മോട്ടോര്‍സ്. ഹാച്ച്ബാക്ക് മുതല്‍ എസ്.യു.വി. വരെ അരങ്ങുതകര്‍ക്കുന്ന ഇന്ത്യന്‍ വിപണിയിലേക്ക് അരയും തലയുംമുറുക്കിയാണ് കിയയുടെ വരവ്.
ഓരോ ആറ് മാസത്തിലും പുതിയ കാര്‍ ഇന്ത്യന്‍ നിരത്തിലിറക്കി വാഹനപ്രേമികളുടെ മനംകവരാന്‍ കിയ തയ്യാറെടുത്തുകഴിഞ്ഞു. കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ യോങ്. എസ്. കിം 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
2019-ല്‍ ആദ്യ കാര്‍ ഇന്ത്യന്‍ നിരത്തിലിറക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അത് എപ്പോഴെത്തും?
ഇന്ത്യക്കാര്‍ ഇനിയധികം കാത്തിരിക്കേണ്ടതില്ല. 2019 പകുതിയോടെ കിയയുടെ ആദ്യ വാഹനം ഇന്ത്യന്‍ റോഡില്‍ ഓടിത്തുടങ്ങും. കിയയുടെ മിഡ് സൈസ് എസ്.യു.വി. എസ്.പി.2 ആണ് ആദ്യം ഇറക്കുന്നത്.
ആരെയാണ് ഏറ്റവും കടുത്ത എതിരാളികളായി കിയ നോക്കിക്കാണുന്നത്?
എല്ലാ സെഗ്മെന്റിലും വാഹനവുമായെത്തുന്ന ഞങ്ങള്‍ ആരേയും പ്രത്യേകിച്ച് എതിരാളികളായി കാണുന്നില്ല. ആകര്‍ഷകമായ ഡിസൈനും മികച്ച ഗുണമേന്മയുമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ എത്ര ശതമാനം കൈക്കലാക്കാനാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്?
ഇന്ത്യന്‍ വാഹന വിപണിയില്‍ അഞ്ചാം സ്ഥാനം ലക്ഷ്യം വെച്ചാണ് ഞങ്ങള്‍ ഇറങ്ങുന്നത്. അധികം വൈകാതെ അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. വളരെ വേഗം വളരുന്നതാണ് ഇന്ത്യന്‍ വാഹന വിപണി. അതില്‍ ഞങ്ങള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
2019-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍ കിയയാണ്. ഇതുമായി ബന്ധപ്പെട്ട ചടങ്ങിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് യോങ്.എസ്. കിം മാതൃഭൂമിയുമായി സംസാരിച്ചത്. കിയ മോട്ടോര്‍സ് കോര്‍പ്പറേഷനുവേണ്ടി വിവിധ രാജ്യങ്ങളിലായി മുപ്പത് വര്‍ഷത്തെ സേവനപരിചയമുള്ള യോങ് എസ്. കിമ്മാണ് ഇന്ത്യയിലെ വില്‍പ്പന തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
തെക്കന്‍ കൊറിയയില്‍ രണ്ടാമത്തേയും ലോകത്തില്‍ എട്ടാമത്തേയും വലിയ കാര്‍ നിര്‍മ്മാതാക്കളെന്നാണ് കിയ അവകാശപ്പെടുന്നത്. കിയയുടെ 20 ശതമാനം ഓഹരികളും ഇപ്പോള്‍ ഹ്യൂണ്ടായിയുടെ കൈയിലാണ്. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാണ് കിയയുടെ നിര്‍മാണകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
2018-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് കിയയുടെ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എക്സ്പോയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് കിയയുടെ സജീവ സാന്നിധ്യമായിരുന്നു. ഹാച്ച്ബാക്ക് മുതല്‍ മിഡ് സൈസ്, സെഡാന്‍, എസ്.യു.വി. വിഭാഗങ്ങളിലായി വാഹനങ്ങളുടെ നീണ്ട നിരതന്നെയാണ് കിയ എക്സ്പോയില്‍ അവതരിപ്പിച്ചത്.
Content Highlights: KIA Cars Launch In India At Mid Of 2019