കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ആദ്യ മോഡല്‍ സെല്‍റ്റോസ് എസ്.യു.വി ആഗസ്റ്റില്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. 2022 വരെ ഓരോ ആറ് മാസം കൂടുമ്പോഴും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇങ്ങോട്ടെത്തുന്ന രണ്ടാമത്ത മോഡലാണ് കാര്‍ണിവല്‍. മള്‍ട്ടി പര്‍പ്പസ് ശ്രേണിയിലേക്കെത്തുന്ന കാര്‍ണിവല്‍ രൂപത്തില്‍ വമ്പനാണ്.
2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മുഖംമിനുക്കിയ പുതിയ കാര്‍ണിവല്‍ അവതരിപ്പിച്ച ശേഷമായിരിക്കും വിപണിയിലേക്കെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ണിവലിനെ കിയ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ എംപിവി ശ്രേണിയില്‍ വര്‍ഷങ്ങളായി മുന്‍പന്തിയിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് കിയ കാര്‍ണിവലിനെ കാത്തിരിക്കുന്ന പ്രധാന എതിരാളി.
ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പക്കാരനാണ് കാര്‍ണിവല്‍. 380 എംഎം നീളവും 155 എംഎം വീതിയും കാര്‍ണിവലിന് കൂടുതലുണ്ട്. 5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. വിദേശത്ത് 7, 8, 9, 11 എന്നിങ്ങനെ നാല് തരത്തില്‍ കാര്‍ണിവലിന് സീറ്റ് ഓപ്ഷനുണ്ട്. എന്നാല്‍ സെവന്‍ സീറ്റര്‍ പതിപ്പാണ് ഇന്ത്യയിലേക്ക് വരുക.
ക്രോം ആവരണം നല്‍കിയിരിക്കുന്ന ഗ്രില്ലും അതിനോട് ചേര്‍ന്നിരിക്കുന്ന പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററും ഡേ ടൈം റണ്ണിങ് ലൈറ്റും ക്രോം റിങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും താരതമ്യന ചെറിയ എയര്‍ഡാമും ഉള്‍പ്പെടുന്നതാണ് കാര്‍ണിവലിന്റെ മുഖം. 17 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലാമ്പ്, ബമ്പറിന്റെ താഴെ ഭാഗത്തായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങള്‍. ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കിയ യുവിഒ കണക്റ്റ് സംവിധാനം, രണ്ട് സണ്‍റൂഫ് എന്നിവ കാര്‍ണിവലിലുണ്ടാകും
സുരക്ഷയിലും കാര്‍ണിവല്‍ ഒട്ടും പിന്നിലല്ല. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 3800 ആര്‍പിഎമ്മില്‍ 202 എച്ച്പി പവറും 1750-2750 ആര്‍പിഎമ്മില്‍ 441 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
ഇറക്കുമതി ചെയ്യുന്ന കാര്‍ണിവല്‍ കിയയുടെ ആന്ധ്രാപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുക. അതിനാല്‍ വിലയും അല്‍പം ഉയര്‍ന്നേക്കും. 26 ലക്ഷം വരെ വില പ്രതീക്ഷിക്കാം.
Source; Auto Car India
Content Highlight; Kia Carnival, Carnival MPV, Kia