ക്രിസ്റ്റയും ഫോര്‍ച്യൂണറും തിളങ്ങി; ടൊയോട്ടയ്ക്ക് ഇത് നേട്ടത്തിന്റെ മാസം


ഓഗസ്റ്റ് മാസം ടൊയോട്ട വിപണിയില്‍ എത്തിച്ചത് 14581 വാഹനങ്ങള്‍

ന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും വില്‍പ്പന നേട്ടമുണ്ടാക്കിയത് ടൊയോട്ടയുടെ വില്‍പ്പനയ്ക്ക് കരുത്ത് പകര്‍ന്നു. ടൊയോട്ടയുടെ ഓഗസ്റ്റ് മാസം വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. 14100 വാഹനമാണ് ടൊയോട്ട ഈ മാസം ആഭ്യന്തര വിപണിയില്‍ എത്തിച്ചത്.

ടൊയോട്ടയുടെ എസ്‌യുവി മോഡലുകളായ ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയുടെയും വില്‍പ്പനയില്‍ അടുത്ത കാലത്തായി ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ എത്തിച്ചതും വിദേശത്ത് അയച്ചതുമുള്‍പ്പെടെ 14581 വാഹനമാണ് ഈ ഓഗസ്റ്റില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇത് 13081 ആയിരുന്നു.

2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ക്രിസ്റ്റയുടെ വില്‍പ്പനയില്‍ 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ടൊയോട്ടയുടെ സ്വാധീനം ഉയര്‍ത്താനും അതുവഴി ഉത്സവ സീസണില്‍ മികച്ച വില്‍പ്പന ഉറപ്പാക്കും സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കേരളം ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനത്ത ദുരന്തമാണുണ്ടാക്കിയത്. ഈ പ്രളയകെടുതി കമ്പനിയുടെ വില്‍പ്പനയിലും മറ്റും വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അതിനെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ ഡെപ്യൂട്ടി എം.ഡി എന്‍.രാജ പറഞ്ഞു.

ടൊയോട്ടയുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെ പ്രളയകെടുതിയിലായ കേരളത്തെ കരകയറ്റുന്നതിനായി ടൊയോട്ടയുടെ എല്ലാവിധ പിന്തുണകളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram