ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലായ ഹെക്ടറാണ് എംജിയില്‍ നിന്ന് ആദ്യം എത്തുന്നത്. ഇതിന് പിന്നാലെയെത്തുന്ന ഇലക്ട്രിക് മോഡലാണ് eZS എസ്‌യുവി. ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന eZS ന്റെ ഗ്ലോബല്‍ ലോഞ്ചും നടന്നുകഴിഞ്ഞു. ഇന്ത്യയിലെത്തുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ FAME II പദ്ധതിയില്‍ സബ്‌സിഡിയും ഇന്‍സെന്റീവും ലഭിക്കുമെന്ന പ്രതീക്ഷയും ഗ്ലോബല്‍ ലോഞ്ചില്‍ എംജി അധികൃതര്‍ പങ്കുവച്ചു.
ഇന്ത്യക്ക് പുറമേ യുകെ, ജര്‍മനി, ആസ്‌ട്രേലിയ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍തന്നെ eZS പുറത്തിറങ്ങും. പ്രദര്‍ശിപ്പിച്ചെങ്കിലും ഇലക്ട്രിക് എസ്.യു.വിയുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് കാര്‍ എന്ന പരിവേഷത്തോടെ എത്തുന്ന ഹെക്ടറിന് സമാനമായി ഐ സ്മാര്‍ട്ട് നെക്‌സ്റ്റ് ജെന്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ സഹിതമായിരിക്കും eZS എത്തുക. വിദേശ രാജ്യങ്ങളില്‍ ജനപ്രിയനായ എംജിയുടെ പെട്രോള്‍ ZS എസ്.യു.വിയുടെ ഇലക്ട്രിക് വകഭേദമാണ് eZS. രൂപവും അതിന് സമാനം.
എട്ട് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 52.2 kWh ലിഥിയം അയോണ്‍ ബാറ്ററിയായിരിക്കും eZS ല്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നതായിരിക്കും ഇത്.
അരങ്ങേറ്റത്തിന് മുമ്പെ ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം 120 സെയില്‍സ്, സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് എംജി ലക്ഷ്യമിടുന്നത്. ഇതില്‍ ഭൂരിഭാഗം ഔട്ട്‌ലെറ്റുകളുടെയും നിര്‍മാണ ജോലി അവസാനഘട്ടത്തിലാണ്. ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വി ഈ വര്‍ഷം ജൂണിലാണ് പുറത്തിറങ്ങുക.
Content Highlights; India bound MG eZS electric SUV unveiled