ഇന്ത്യയിലെ ആദ്യ കണക്റ്റഡ് കാര്‍ എന്ന ഖ്യാതിയുമായെത്തുന്ന ഹ്യുണ്ടായി വെന്യുവിന്റെ ബുക്കിങ്ങില്‍ വന്‍ കുതിപ്പ്. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ച ദിവസം തന്നെ 2000 ആളുകളാണ് ഈ കുഞ്ഞന്‍ കോംപാക്ട് എസ്യുവി ബുക്കുചെയ്തത്.
ഇന്ത്യയിലുടനീളമുള്ള ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും കമ്പനിയുടെ വെബ്സൈറ്റ് വഴിയുമാണ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 21000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. മേയ് 21-നാണ് വെന്യു അവതരിക്കുക.
ഇന്ത്യന്‍ നിരത്തില്‍ സ്വാധീനമറിയിച്ച മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര കെയുവി 300, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് എന്നീ വമ്പന്മാരുമായി ഏറ്റുമുട്ടാനാണ് വെന്യു തയ്യാറെടുക്കുന്നത്. മാസംതോറും പതിനായിരം വെന്യു നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ക്രെറ്റയുമായി സാമ്യമുള്ള ബോക്സി ഡിസൈനാണ് വെന്യുവിനുള്ളത്. ക്രോമിയം ആവരണമുള്ള കാസ്ക്കേഡ് ഗ്രില്ല്, പ്രൊജക്ഷന് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം ഹെഡ്ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.
ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല് ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയ്ല്‍ഗേറ്റ് എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കുന്നുണ്ട്.
ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളുമായി സാമ്യമുള്ള ഇന്റീരിയറാണ് വെന്യുവിലുമുള്ളത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.
33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ വാഹനത്തിലെ ഹൈലൈറ്റ്. സുരക്ഷിതത്വം, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്ട്രോള്, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്സ് എന്നിവയും വെന്യുവിലുണ്ട്.
118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്.
1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമാണ് നല്‍കിയിട്ടുള്ളത്.
Content Highlights: Hyundai Venue records 2,000 Bookings in a single day