ഹ്യുണ്ടായുടെ പുതിയ കോംപാക്ട് എസ്.യു.വി മോഡലായ വെന്യുവിന്റെ ഔദ്യോഗിക ബുക്കിങ് കമ്പനി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹ്യുണ്ടായ് ഡീലര്‍ഷിപ്പ് വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും വെന്യു ബുക്ക് ചെയ്യാം, 21000 രൂപയാണ് ബുക്കിങ് തുക. മേയ് 21-നാണ് വെന്യു അവതരിക്കുക.
ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വെന്യു ലഭ്യമാവുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ആദ്യ പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. രണ്ടാമത്തെ പെട്രോള്‍ വകഭേദത്തില്‍ 118 ബിഎച്ച്പി പവറും 171 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. 89 ബിഎച്ച്പി പവറും 219 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നീ വമ്പന്‍മാര്‍ക്കിടയിലേക്കാണ് വെന്യുവുമായി ഹ്യുണ്ടായ് മത്സരത്തിനെത്തുന്നത്. മുഖഭാവത്തില്‍ സാന്റാ ഫേ പിന്നില്‍ നിന്ന് നോക്കിയാല്‍ ക്രെറ്റ ഇതാണ് ഒറ്റനോട്ടത്തില്‍ വെന്യു. ക്രോമിയം ആവരണമുള്ള കാസ്‌കേഡ് ഗ്രില്ല്, പ്രൊജക്ഷന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം ഹെഡ്ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയ്ല്‍ഗേറ്റ് എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കുന്നുണ്ട്.
3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമാണ് വെന്യുവിനുള്ളത്. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്സ് എന്നിവ ഈ വാഹനത്തിന്റെ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ച് എന്ന വിശേഷണത്തിന് യോഗ്യമാക്കുന്നുണ്ട്.
കാഴ്ചയില്‍ സിംപിളാണെങ്കില്‍ വെന്യുവിന്റെ ഇന്റീരിയര്‍ ഏറെ പവര്‍ഫുള്ളാണ്. സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാനതാരം. കാഴ്ചയില്‍ ലളിതമാണെങ്കിലും 33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഡിവൈസാണത്. സുരക്ഷിതത്വം, സൗകര്യം, വെഹിക്കിള്‍ മാനേജ്‌മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ്. വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്ക് പ്രവര്‍ത്തിക്കുന്നത്. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്‌സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയ ധാരാളം സവിശേഷതകള്‍ ബ്ലൂലിങ്കിലൂടെ വെന്യു എസ്.യു.വിയില്‍ ഇടംപിടിക്കും.
ആദ്യ ഇന്ത്യന്‍ നിര്‍മിത കണക്റ്റഡ് എസ്.യു.വിയും വെന്യുവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ, ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് സുരക്ഷയൊരുക്കുന്നത്.
Content HIghlights; Hyundai Venue, Venue Booking, Venue Compact SUV