ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ കോംപാക്ട് സെഡാനായ ഓറ വിപണിയില്‍ അവതരിപ്പിച്ചു. മാരുതി സുസുകി ഡിസയര്‍, ഹോണ്ട അമേയ്സ് എന്നിവയോട് മത്സരിക്കാനാണ് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 2020 ജനുവരിയില്‍ ഹ്യുണ്ടായ് ഓറ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായി മുമ്പ് നിരത്തിലെത്തിച്ചിട്ടുള്ള കോംപാക്ട് സെഡാന്‍ മോഡലായ എക്‌സന്റ് ടാക്‌സി വിഭാഗത്തെയും ലക്ഷ്യം വെയ്ക്കുമ്പോള്‍ ഓറ വ്യക്തിഗത ഉപഭോക്താക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എസ്.എസ്. കിം പറഞ്ഞു.
ഹ്യുണ്ടായി എക്‌സ്‌സെന്റ്, നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വാഹനമാണ് ഓറ. ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കരുത്തും നിരവധി ഫീച്ചറുകളും ഈ വാഹനത്തിന്റെ മുഖമുദ്രയാകുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനല്‍കുന്നത്.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുക. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സും നല്‍കും.
ഡിസൈനില്‍ ഹ്യുണ്ടായി നിയോസുമായി ഓറയ്ക്ക് ഏറെ സാമ്യമുണ്ട്. നിയോസില്‍നിന്ന് കടമെടുത്ത കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡിആര്‍എല്‍ ചെറിയ ഫോഗ്ലാമ്പ്, എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്.
ഫോര്‍ഡ് ആസ്പയറുമായി സാമ്യമുള്ള പിന്‍വശമാണ് ഓറയുടേത്. ഹാച്ച്‌ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, ഡോറിന്റെ മധ്യഭാഗത്തെ ഓറ ബാഡ്ജിങ്ങ്, ക്രോമിയം സ്ട്രിപ്പ് എന്നിവ പിന്‍വശത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ അലോയി, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും ഒറയിലുണ്ട്.
ഈ വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ച ചിത്രങ്ങളൊന്നും ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. എങ്കിലും നിയോസിലെ ഫീച്ചറുകള്‍ ഈ വാഹനത്തിലും നല്‍കിയേക്കുമെന്നാണ് വിവരം. ഓറയുടെ വില വിവരങ്ങളും അവതരണവേളയില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Hyundai New Compact Sedan Aura Revealed