പടയോട്ടം തുടരാന്‍ പുതിയ ഹ്യുണ്ടായ് ക്രെറ്റ എത്തി; വില 9.43 ലക്ഷം രൂപ


മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ക്രെറ്റ പടയോട്ടം തുടരും.

വിപണിയില്‍ തിളങ്ങി നില്‍ക്കുന്ന ക്രെറ്റ എസ്.യു.വി.യുടെ പരിഷ്‌കൃത പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കി. ബേസ് മോഡലിന് 9.44 ലക്ഷം രൂപയും ടോപ് സ്‌പെക്കിന് 15.03 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഈ മാസം അവസാനത്തോടെ 2018 ക്രെറ്റ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ക്രെറ്റ പടയോട്ടം തുടരും. മുന്‍മോഡലിനെ അപേക്ഷിച്ച്‌ മൊത്തം രൂപത്തില്‍ ഗാഭീര്യം വര്‍ധിപ്പിച്ചാണ് ക്രെറ്റ എത്തുന്നത്.

ക്രോം ആവരണത്തിലുള്ള വലിയ ഹെക്‌സഗണല്‍ ഗ്രില്‍ കരുത്തന്‍ പരിവേഷം നല്‍കും. സ്‌കിഡ് പ്ലേറ്റുകള്‍, രണ്ട് നിറങ്ങളിലുള്ള ബംപര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. പിന്നിലെ ബംമ്പറിലും മാറ്റം പ്രകടം. എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള പരിഷ്‌കരിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍. കൈയില്‍ ധരിക്കാവുന്ന സ്മാര്‍ട്ട് കീ ബാന്‍ഡ്, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയെല്ലാം ക്രെറ്റയിലുണ്ടാവും. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ്‌ അകത്തളം, ഡാഷ്‌ബോര്‍ഡ് ഡിസൈനില്‍ മാറ്റമില്ല.

ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്ലാ വിഭാഗത്തിലുമുണ്ടാകും. സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയുമുണ്ട്. മെക്കാനിക്കല്‍ ഫീച്ചറുകൾ പഴയപടി തുടരും. 90 എച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ഡീസല്‍, 123 എച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍. 128 എച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ബോണറ്റിനടിയില്‍. 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും. എന്നാല്‍ ടോപ് സ്‌പെക്ക് SX(O) വകഭേദത്തില്‍ ഓട്ടോമാറ്റിക് ലഭ്യമല്ല. മാരുതി എസ്‌ക്രോസ്, റെനോ ഡസ്റ്റര്‍ എന്നിവരാണ് പുതിയ ക്രെറ്റയുടെ പ്രധാന എതിരാളികള്‍.

Content Highlights; Hyundai Creta Facelift Launched In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram