എസ്.യു.വി. രംഗം കൊഴുക്കുമ്പോള്‍ ഹോണ്ടയുടെ എച്ച്.ആര്‍.വി.യും ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതയേറുന്നു. അടുത്തിടെ ഡീലര്‍മാര്‍ക്ക് മാത്രമായി എച്ച്.ആര്‍.വി.യെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വാഹനം ദീപവലിയിലെ ഉത്സവ സീസണോടനുബന്ധിച്ച് ഇന്ത്യയിലെത്തുമെന്നാണ് സൂചന.
വിദേശവിപണിയില്‍ എച്ച്.ആര്‍. വി. ഫൈവ് സീറ്റര്‍ ഓടുന്നുണ്ടെങ്കിലും വില അധികമായതിനാല്‍ ഇന്ത്യയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വില ഇവിടെ പ്രശ്‌നമല്ലെന്ന് കമ്പനിക്ക് തോന്നിക്കാണും. അതാണ് എച്ച്.ആര്‍.വി.യെ ഇവിടേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
പതിനഞ്ചു ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെയാണ് എച്ച്.ആര്‍.വി.ക്ക് വിലവരികയെന്നാണ് റിപ്പോര്‍ട്ട്. ഈ വിലയില്‍ ഇപ്പോള്‍ ഇവിടെ വണ്ടികള്‍ വിറ്റുപോകുന്നത് കണ്ടാണ് എച്ച്. ആര്‍.വി.യെയും കൊണ്ട് ജപ്പാന്‍കാര്‍ എത്തുന്നത്.
കണക്കുകൂട്ടലനുസരിച്ച് ഹ്യുണ്ടായ് ക്രെറ്റ, ഹാരിയര്‍, ജീപ്പ് കോംപാസ് എന്നിവയ്‌ക്കൊപ്പമായിരിക്കും എച്ച്.ആര്‍.വി. എത്തുക. ഇവ സെഗ്മെന്റിലെ മികച്ച താരങ്ങളുമാണ്. ഇവയ്ക്കിടയിലേക്ക് എം.ജി. ഹെക്ടര്‍, സിട്രോണ്‍ എ ഫൈവ് എയര്‍ക്രോസ് എന്നിവരും വരാനിരിക്കുന്നുമുണ്ട്.
നവാഗതര്‍ക്കുമുമ്പേ ദീപാവലിയില്‍ പടക്കംപൊട്ടിച്ച് വരാനാണ് ഹോണ്ടയുടെ പദ്ധതിയെന്നറിയുന്നു. ഡീസലും പെട്രോളുമുണ്ടാകും. 1.5 ലിറ്റര്‍ ഐ.വി. ടെക് പെട്രോള്‍ എന്‍ജിനായിരിക്കുമിതില്‍. ഇത് നമ്മള്‍ ഹോണ്ട സിറ്റിയില്‍ കണ്ടിരുന്നു.
മറുഭാഗത്ത് 1.6 ലിറ്റര്‍ ഐ.ഡി. ടെക് ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും നല്‍കും. ആറ് സ്പീഡായിരിക്കും എസ്.യു.വി.യിലെ മാന്വല്‍ ഗിയര്‍ബോക്‌സ്. യൂറോപ്യന്‍ വിപണിയിലുണ്ടായിരുന്ന എച്ച്.ആര്‍.വി.യെ കഴിഞ്ഞവര്‍ഷം ഹോണ്ട പരിഷ്‌കരിച്ചിരുന്നു.
Content Highlights: Honda HR-V Reportedly Launching In India By Diwali Festival Season