ഹോണ്ടയുടെ കോംപാക്ട് എസ്‌യുവി മോഡലായ എച്ച്ആര്‍-വി ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി മുമ്പ് തന്നെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി വിദേശത്ത് നിര്‍മിച്ച എച്ച്ആര്‍-വി ഡല്‍ഹിയിലെ ഡീലര്‍ഷിപ്പുകളില്‍ പ്രദര്‍ശനത്തിനെത്തി.
എസ്‌യുവി ശ്രേണിയിലേക്ക് കൂടുതല്‍ വാഹനം എത്തിക്കുമെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ കരുത്തരായ ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്സ് എന്നീ വാഹനങ്ങളുമായി കൊമ്പുകോര്‍ക്കാനാണ് എച്ച്ആര്‍-വി എത്തുന്നത്.
ഹോണ്ടയുടെ വാഹനശ്രേണിയില്‍ സിആര്‍-വിക്ക് താഴെയാണ് എച്ച്ആര്‍-വിയുടെ സ്ഥാനം. ജാസിന്റെ പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനം ഏറെ സ്റ്റൈലിഷും കരുത്തനുമാണ്.
ഡബ്ല്യുആര്‍-വിയോട് നേരിയ സാമ്യമുള്ള വാഹനമാണ് എച്ച്ആര്‍വി. വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, മികച്ച ഡിസൈന്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന് അഴക് നല്‍കുന്നത്. 17 ഇഞ്ച് അലോയി വീലാണ് ഈ എച്ച്ആര്‍-വിയിലുള്ളത്.
ബെയ്ജ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് എച്ച്ആര്‍-വിയുടേത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റിവേഴ്‌സ് ക്യാമറ, പനോരമിക് സണ്‍റൂഫ്, മടക്കിവയ്ക്കാവുന്ന റിയര്‍ സീറ്റ് എന്നിവയടങ്ങുന്നതാണ് എച്ച്ആര്‍-വിയുടെ ഇന്റീരിയര്‍.
ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ആഗോള നിരത്തുകളിലെ എച്ച്ആര്‍-വിയില്‍ സുരക്ഷയൊരുക്കുന്നത്.
1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് എച്ച്ആര്‍വി എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 120 എച്ച്പി പവറും 145 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Honda HR-V displayed to dealers in Delhi