അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് പ്രകൃതി സൗഹാര്‍ദമായ കാര്‍ നിര്‍മാണത്തിന് പുതിയ മാര്‍ഗം തേടുന്നു. അലൂമിനയം മെറ്റീരിയലുകളോട് വിടപറഞ്ഞ് പ്രകൃതിദത്തമായ മുളകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ അകത്തളം നിര്‍മിക്കാനാണ് ഫോര്‍ഡ് ഒരുങ്ങുന്നത്. ഉറപ്പേറിയ മുളയും പ്ലാസ്റ്റിക്കും ചേര്‍ത്താകും പുതിയ പരീക്ഷണം. ഇതിന് മുന്നോടിയായി പുതിയ പദ്ധതിയുടെ പ്രൊമോ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മലിനീകരണ സാധ്യത ഒട്ടുമില്ലെന്നതാണ് നിര്‍മാണത്തിനായി മുള തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. മുളയുടെ വിവിധ ഗുണങ്ങള്‍ ചിത്രീകരിച്ചുള്ളതാണ് കമ്പനി തയ്യാറാക്കിയ പ്രൊമോ വീഡിയോ.
കരുത്തിലും വഴക്കത്തിലുമെല്ലാം മറ്റുള്ള സിന്തറ്റിക്, പ്രകൃതിദത്ത ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. മുള ഉപയോഗിക്കാനുള്ള വിവിധ സാധ്യതകള്‍ നേരത്തെ ഫോര്‍ഡ് പരിശോധിച്ച് വരുന്നുണ്ട്. കൂടുതല്‍ ഉറപ്പിനു വേണ്ടിയാണ് മുളയ്‌ക്കൊപ്പം പ്ലാസ്റ്റിക്ക് ചേര്‍ക്കുന്നത്. 212 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള താപനിലകളില്‍ സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ പ്രധാന സവിശേഷത. മുളയ്ക്കു പുറമെ വാഹന നിര്‍മാണത്തില്‍ മറ്റു ജൈവ വസ്തുക്കള്‍ പ്രയോജനപ്പെടുത്താനും ഫോര്‍ഡ് മോട്ടോര്‍സ് ആലോചിക്കുന്നുണ്ട്.