പരിപാലന ചെലവ് കിലോമീറ്ററിന് 46 പൈസ: ഫോര്‍ഡ് ആസ്പയര്‍ സിഎന്‍ജി എത്തി


പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് 42,000 രൂപയോളം വില കൂടുതലാണ് സിഎന്‍ജി പതിപ്പിന്.

ഫോര്‍ഡ് ആസ്പയര്‍ കോംപാക്ട് സെഡാന്റെ പുതിയ സിഎന്‍ജി പതിപ്പ് പുറത്തിറങ്ങി. ആംബിയന്റ്, ട്രെന്‍ഡ് പ്ലസ് എന്നീ രണ്ടു വേരിയന്റുകളിലാണ് ആസ്പയര്‍ സിഎന്‍ജി ലഭ്യമാകുക. യഥാക്രമം 6.27 ലക്ഷം രൂപയും 7.12 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് 42,000 രൂപയോളം വില കൂടുതലാണ് സിഎന്‍ജി പതിപ്പിന്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് ആസ്പയറില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ചത്.

വിലയ്‌ക്കൊത്ത മൂല്യം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മൈലേജ് നല്‍കുന്നതും പരിസ്ഥിതി സൗഹൃദവുമായ മോഡലാണ് ആസ്പയര്‍ സിഎന്‍ജിയെന്ന് ഫോര്‍ഡ് ഇന്ത്യ മാര്‍ക്കറ്റിങ് സെയില്‍ ആന്‍ഡ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് റെയ്‌ന പറഞ്ഞു. കിലോമീറ്ററിന് 46 പൈസ മാത്രമായിരിക്കും ഇതിന്റെ പരിപാലന ചെലവെന്നും വിനയ് റെയ്‌ന വ്യക്തമാക്കി. രണ്ട് വര്‍ഷം/100,000 കിലോമീറ്ററാണ് ആസ്പയര്‍ സിഎന്‍ജിക്ക് കമ്പനി നല്‍കുന്ന വാറണ്ടി കാലാവധി. ഒരു വര്‍ഷം/10000 കിലോമീറ്റര്‍ ഇടവേളയിലാണ് സര്‍വീസ്. രണ്ട് വര്‍ഷം/20000 കിലോമീറ്ററില്‍ സിഎന്‍ജി കിറ്റ് സര്‍വീസ് ചെയ്യണം.

പ്രധാനമായും ടാക്‌സി വിപണിയാണ് ആസ്പയര്‍ സിഎന്‍ജിയിലൂടെ ഫോര്‍ഡ് ലക്ഷ്യമിടുന്നത്. സിഎന്‍ജി കിറ്റ് അഡീഷ്ണലായി നല്‍കിയതൊഴിച്ചാല്‍ റഗുലര്‍ ആസ്പയറില്‍ നിന്ന് വലിയ മാറ്റങ്ങള്‍ സിഎന്‍ജിക്കില്ല. സാറ്റ്‌ലൈറ്റ് നാവിഗേഷന്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, റിമോട്ടോര്‍ സെട്രല്‍ ലോക്കിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ആസ്പയര്‍ സിഎന്‍ജിയിലുണ്ട്. 95 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കുമേകുന്നതാണ്‌ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. മൈലേജ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Content Higlights; Ford Aspire CNG launched at Rs 6.27 lakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram