അടുത്തിടെയായി ഫോര്‍ഡിന്റെ പരീക്ഷണങ്ങളെല്ലാം ആസ്പയര്‍ എന്ന സെഡാന്‍ കാറിലാണ്. പുതിയ മോഡല്‍ എത്തിച്ചതിനൊപ്പം സിഎന്‍ജി എന്‍ജിന്‍ നല്‍കിയതും ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നതും ആസ്പയറണ്. ഇതിനൊപ്പം സ്‌പെഷ്യല്‍ എഡീഷന്‍ ആസ്പയര്‍ ബ്ലൂവും അവതരിപ്പിച്ചിരിക്കുകയാണ് ഫോര്‍ഡ്.
ആസ്പയന്റെ ടോപ്പ് വേരിയന്റായ ടൈറ്റാനിയത്തെയാണ് ബ്ലു എഡീഷനാക്കി മാറ്റിയിരിക്കുന്നത്. വാഹനത്തിന്റെ അകത്തും പുറത്തുമായി ബ്ലൂ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് സ്‌പെഷ്യല്‍ എഡീഷന്‍ ആസ്പയറിന്റെ പ്രധാന ആകര്‍ഷണം.
പുതുതലമുറ ആസ്പയറില്‍ നിന്ന് കടമെടുത്ത രൂപമാണ് ഈ ബ്ലൂ എഡീഷനില്‍ നല്‍കിയിരിക്കുന്നത്. പേര് അന്വര്‍ഥമാക്കുന്നതിനായി ഫോഗ് ലാമ്പിന് സമീപത്തും ഡോര്‍ ക്ലാഡിങ്ങിന് ചുറ്റിലും നീല ഇന്‍സേര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇവയ്ക്ക് പുറമെ, പുതുതായി ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള 15 ബ്ലാക്ക് ഫിനീഷിഡ് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നീറം, ബ്ലാക്ക് നിറം നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് സ്‌മോഗ്ഡ് ഹെഡ്‌ലാമ്പ് എന്നിവയാണ് ബ്ലൂ എഡീഷന്‍ എക്‌സ്റ്റീരിയറിലെ മറ്റ് പുതുമകള്‍.
മുന്നിലെയും പിന്നിലെയും ഡോര്‍ പാഡുകളില്‍ നീല നിറത്തിലുള്ള ഇന്‍സേര്‍ട്ട് നല്‍കിയതാണ് മറ്റ് വേരിയന്റുകളില്‍ നിന്ന് ബ്ലു എഡീഷനെ വ്യത്യസ്തമാക്കുന്നത്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 96 പിഎസ് പവറും 120 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ മോഡല്‍ 99 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ മോഡല്‍ 20.4 കിലോമീറ്ററും ഡീസല്‍ മോഡല്‍ 25.5 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഉറപ്പുനല്‍കുന്നത്.
മൂന്ന് നിറങ്ങളില്‍ നിരത്തിലെത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ മോഡലിന് 7.41 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 8.21 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
Content Highlights: Ford Aspire Blu Edition Special Edition Sedan Launched