ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗരേജസിനെ (എംജി) കാത്തിരിക്കുകയാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറച്ച് എംജിയുടെ ആദ്യ മോഡലായ ഹെക്ടറിന്റെ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 120 എംജി സെന്ററുകള്‍ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാം. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് എംജിക്ക് ഷോറൂമുകളുള്ളത്.
മേയ് 15 ന് ഇന്ത്യയില്‍ അവതരിപ്പിച്ച ഹെക്ടര്‍ ജൂണ്‍ പകുതിയോടെ വിപണിയിലെത്തുമെന്നാണ് സൂചന. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ എംജി പുറത്തുവിടുകയുള്ളു. അത്യാധുനിക കണക്റ്റിവിറ്റി സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയോടെ വിപണിയിലെത്തുന്ന ഹെക്ടറിന് 15-20 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ് യുവി 500 എന്നീ വമ്പന്‍മാരോടാണ് ഹെക്ടറിന്റെ മത്സരം.
നാല് വേരിയന്റുകളിലാണ് ഹെക്ടര്‍ വരുന്നത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്. എന്‍ജിനുകളുടെ കാര്യത്തിലും മൂന്ന് വകഭേദങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകളാണ് ഹെക്ടര്‍ നല്‍കുന്നത്. 1.5 ലിറ്റര്‍ പെട്രോളിലെ എന്‍ജിന് ചെറിയ വൈദ്യുതമോട്ടോറും ബാറ്ററിയുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വണ്ടിയില്‍ നല്‍കിയിട്ടുണ്ട്. 140 എച്ച്.പി.യാണ് ഈ പെട്രോള്‍ എന്‍ജിന്റെ കരുത്ത്. ശ്രേണിയിലെ ജീപ്പ് കോംപസിനെക്കാളും കുറവാണിത്. ടോര്‍ക്കിന്റെ കാര്യത്തില്‍ കോംപസിനൊപ്പം നില്‍ക്കും. (250 എന്‍.എം). ഫിയറ്റില്‍നിന്ന് കടമെടുത്ത എന്‍ജിനാണിത്. 14.1 കിലോമീറ്ററാണ് മൈലേജ് പറയുന്നത്.
ഹെക്ടറിന്റെ പ്രാരംഭ മോഡലായ സ്‌റ്റൈലില്‍ത്തന്നെ അവശ്യം വേണ്ടതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കപ്പ് ഹോള്‍ഡറുള്ള പിന്‍ ആം റെസ്റ്റ്, സ്റ്റോറേജുള്ള ഡ്രൈവര്‍ ആം റെസ്റ്റ്, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്, പിന്‍ എ.സി. വെന്റുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, മിററുകളില്‍ എല്‍.ഇ.ഡി. ഇന്‍ഡിക്കേറ്ററുകള്‍, ഇ.ബി.ഡി., ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാവും. പെട്രോള്‍ മാനുവല്‍ മോഡ് മാത്രമേ സ്‌റ്റൈലുണ്ടാവൂ.
രണ്ടാമത്തെ മോഡലായ സൂപ്പറില്‍ ഇവയ്ക്കുപുറമേ 10.4 ഇഞ്ച് എ.വി.എന്‍. ടച്ച് സ്‌ക്രീന്‍ ഡാഷ്ബോര്‍ഡിലുണ്ടാവും. ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ക്യാമറകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പുകള്‍ എന്നിവ അധികമായുണ്ടാവും. ഇത് എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. ഇനിയുള്ള സ്മാര്‍ട്ട് വേരിയന്റാണ് എല്ലാംകൊണ്ടും സ്മാര്‍ട്ടാവുന്നത്. ഇതിലാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്ന ഇന്‍ബില്‍റ്റ് സിം അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ തുടങ്ങുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയില്‍ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാറിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്ട്‌ഫോണ്‍ മുഖേന വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകും.
ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും അധികമായി വരുന്നുണ്ട്. സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, ആറുവിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍സീറ്റ്, പവര്‍ മിററുകള്‍, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍ എന്നിവ സ്മാര്‍ട്ട് വേരിയന്റിന്റെ ഭാഗമാകുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഷാര്‍പ്പിലെ പ്രത്യേകത പനോരമിക് സണ്‍റൂഫാണ്. ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്നിലെ പാസഞ്ചര്‍ സീറ്റ് എന്നിങ്ങനെയുള്ള ആഡംബരത്തിനാണ് ഷാര്‍പ്പ് മുന്‍ഗണന നല്‍കുന്നത്.
ശ്രേണിയിലെ ഏറ്റവും വലിപ്പമേറിയ മോഡലലാണ് ഹെക്ടര്‍. 4655 മില്ലിമീറ്റര്‍ നീളം, 1855 മില്ലിമീറ്റര്‍ വീതി, 1760 മില്ലിമീറ്റര്‍ ഉയരം, 2750 മില്ലിമീറ്റര്‍ വീല്‍ബേസ്, 192 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് അഴകളവുകള്‍. 547 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്ന വിശാലസൗകര്യംകൂടി ഹെക്ടറിന് അവകാശപ്പെടാം.
Content Highlights; MG Hector SUV, Hector SUV, Hector