ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിലേക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണ്. കാര്യങ്ങള്‍ ഉദ്ദേശിച്ച പ്രകാരം നീങ്ങുകയാണെങ്കില്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് കൊറിയന്‍ ഭീമനായ 'കിയ'യുടെ ആദ്യ കാര്‍ ആന്ധ്രപ്രദേശിലെ അനന്ത്പുരിലെ പ്ലാന്റില്‍നിന്ന് പുറത്തിറങ്ങും.
ഡല്‍ഹി ഓട്ടോ ഷോയില്‍ കിയ പുറത്തിറക്കിയ മിഡ് സൈസ് എസ്.യു.വി.യായ 'എസ്.പി.2' ആയിരിക്കും അതെന്ന് കമ്പനി സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ കൂക്ക് യോങ് ഷിങ് പറഞ്ഞു.
ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ്സ, ഹോണ്ട ഡബ്ല്യു.ആര്‍.വി. എന്നിവയ്ക്കുള്ള എതിരാളിയാണിത്.
ഹ്യുണ്ടായിക്കു ശേഷം ഇന്ത്യയിലേക്കു വരുന്ന രണ്ടാമത്തെ കൊറിയന്‍ കമ്പനിയാണ് കിയ. ഇരുവരും തമ്മില്‍ സഹോദര സ്‌നേഹമുണ്ട്. കാരണം, കിയയുടെ ഓഹരിയുടമകള്‍ കൂടിയാണ് ഹ്യുണ്ടായ്. കിയയുടെ ഇന്ത്യന്‍ പ്രവേശനത്തിന് എല്ലാത്തരത്തിലും ഹ്യുണ്ടായിയുടെ സഹായമുണ്ട്. പ്ലാന്റ് നിര്‍മാണം മുതല്‍ വാഹനങ്ങളുടെ പ്ലാറ്റ്‌ഫോം വരെ.
എസ്.പി.2വിനു പിന്നാലെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് മോഡലുകള്‍ കൂടി കിയയുടേതായി ഇന്ത്യന്‍ നിരത്തുകളിലെത്തും. സെഡാന്‍, പ്രീമിയം എസ്.യു.വി. സെഗ്‌മെന്റുകളിലായിരിക്കും ഇവ. ഹാച്ച്ബാക്കും ഉണ്ടാകുമെന്നറിയുന്നു. അനന്ത്പുരിലെ 560 ഏക്കര്‍ സ്ഥലത്തുള്ള പ്ലാന്റിന്റെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന പ്ലാന്റില്‍ നിന്ന് വര്‍ഷം മൂന്നുലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശേഷിയുണ്ടാവും. ബെംഗളൂരുവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അനന്ത്പുര്‍.
കൊറിയയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല കിയ. അമേരിക്കയടക്കം വിവിധ രാജ്യങ്ങളില്‍ വ്യക്തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ കൊറിയന്‍ ഭീമന്‍. കിയയുടെ പ്രത്യേകത അതിന്റെ സൗന്ദര്യമാണ്. അത്, ഡല്‍ഹിയില്‍ ഓട്ടോ ഷോയില്‍ തന്നെ കണ്ടിരുന്നു. അവിടെ അവതരിപ്പിച്ച പതിനാല് വാഹനങ്ങളും ഭംഗിയുടെ കാര്യത്തില്‍ വേറിട്ടുനിന്നു.
'കിഴക്കുനിന്നുള്ള ഉദയം' എന്നാണ് കിയ എന്ന വാക്കിന്റെ അര്‍ഥം. അത് വ്യക്തമാക്കുന്ന രീതിയില്‍ തന്നെയാണ് കമ്പനിയുടെ വളര്‍ച്ചയുടെ ഗ്രാഫും. ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് എസ്.പി.2 എന്ന് ഷിങ് പറഞ്ഞു.
ആരേയും ആകര്‍ഷിക്കുന്ന ഗ്രില്ലാകട്ടെ ബംഗാള്‍ കടുവയുടെ മൂക്കിന്റെ ആകൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്. ചീഫ് ഡിസൈനറായ പീറ്റര്‍ ഷെയ്‌റര്‍ ഇതിനെ വിളിച്ചത് 'ടൈഗര്‍ നോസ് ഗ്രില്‍' എന്നാണ്. കിയ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതാണെന്നാണ് ഷിങ് പറയുന്നത്.
പൂര്‍ണമായും തദ്ദേശീയമായിട്ടായിരിക്കും വാഹന ഭാഗങ്ങള്‍ നിര്‍മിക്കുന്നത്. 3,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ സാധ്യതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ കാര്‍ വിപണിയിലെ പ്രധാന സെഗ്‌മെന്റുകളിലെല്ലാം കിയയുടെ സാന്നിധ്യമുണ്ടാവുമെന്ന് ഷിങ് പറഞ്ഞു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വില്‍പ്പനയ്ക്കും സര്‍വീസിനുമുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.