തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സര്‍ക്കാര്‍ കാര്‍ വാങ്ങി നല്‍കുന്നു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. എന്നാല്‍, സംഭവം സത്യമാണ്. ആന്ധ്രയിലെ തൊഴില്‍ രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായാണ് സര്‍ക്കാര്‍ ചിലവില്‍ കാര്‍ വാങ്ങി നല്‍കുന്നത്.
മാരുതിയുടെ സെഡാന്‍ മോഡലായ ഡിസയര്‍ കാര്‍ വാങ്ങി നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിനായി 50 കാറുകള്‍ അനുവദിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. യുവാക്കളില്‍ സ്വയം തൊഴില്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ സബ്‌സിഡിയിനത്തില്‍ രണ്ട് ലക്ഷം രൂപ നല്‍കും. കാര്‍ ലഭിക്കുന്നയാള്‍ മൊത്തം വിലയുടെ പത്ത് ശതമാനം നല്‍കേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിണ്‍ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പയായി നല്‍കും.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം നിരത്തിലെത്തിയ വാഹനമാണ് ഡിസയര്‍. മികച്ച ഇന്ധന ക്ഷമതയും കുറഞ്ഞ മെയിന്റനന്‍സ് കോസ്റ്റുമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ടാക്‌സി വാഹനങ്ങള്‍ക്കായി ഡിസയര്‍ ടൂര്‍ എന്ന വേരിയന്റും ഡിസയറിനുണ്ട്.
1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ DDiS ഡീസല്‍ എന്‍ജിനിലുമാണ് ഡിസയര്‍ പുറത്തിറങ്ങുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകും. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമേകും.
Content Highlights: Andhra Pradesh Government Offers Maruti Dzire Cars To Unemployed Youths