മുഖംമിനുക്കിയെത്തുന്ന പുതിയ ബലേനോയുടെ ആദ്യ ടീസര്‍ ചിത്രം മാരുതി സുസുക്കി പുറത്തുവിട്ടു. അവതരണത്തിന് മുമ്പെ 2019 ബലേനോയുടെ ബുക്കിങും കമ്പനി ആരംഭിച്ചു. 11,000 രൂപ സ്വീകരിച്ച് നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ബുക്കിങ്. അതേസമയം ബലേനോയുടെ ലോഞ്ചിങ് തിയ്യതി മാരുതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29-ന് പുറത്തിറക്കുമെന്നാണ് സൂചന.
പുറംമോടിയില്‍ മാത്രം മാറ്റം വരുത്തിയാണ് പുതിയ ബലേനോ നിരത്തിലെത്തിക്കുന്നത്. പുതിയ ബമ്പറും പിന്‍വശത്തെ ഡിസൈനുമായിരിക്കും രണ്ടാംതലമുറ ബലേനോയിലെ പ്രധാന മാറ്റം. എല്‍ഇഡി ഹെഡ്ലാമ്പും ഫോഗ് ലാമ്പുമായിരിക്കും മറ്റൊരു പ്രത്യേകത. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്ലാമ്പാണ് നല്‍കുന്നത്. ടോപ്പ് വേരിയന്റായ ആല്‍ഫയില്‍ മാത്രമാണ് പ്രൊജക്ഷന് ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി പുതിയ അലോയി വീലും ഇതില്‍ നല്‍കിയേക്കും.
കൂടുതല്‍ കരുത്തുറ്റ സുരക്ഷാ സംവിധാനവും പുതിയ ബലേനോയില്‍ ഒരുക്കുന്നുണ്ട്. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതുതായി നല്‍കുക. എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബാഗ് എന്നിവ ബലേനോയുടെ സ്റ്റാന്റേഡ് ഫീച്ചറാണ്. എന്‍ജിനില്‍ മാറ്റമുണ്ടാകില്ല. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം സിവിടി ഗിയര്‍ബോക്സുമുണ്ടാകും.
Content Highlights; 2019 Maruti Suzuki Baleno Teased; Bookings Open