രണ്ടു വര്‍ഷത്തിനുള്ളില്‍ 100 ഷിറോണ്‍ നിരത്തില്‍; നൂറാമന്റെ വില 22 കോടി


റേസ്ട്രാക്കുകളില്‍ ബുഗാട്ടിക്കു വേണ്ടി വളയംപിടിച്ച ലൂയീസ് ഷിറോണിന്റെ സ്മരണയ്ക്കായാണ് തങ്ങളുടെ സൂപ്പര്‍കാറിന് 'ബുഗാട്ടി ഷിറോണ്‍' എന്ന് പേരിട്ടത്.

ബുഗാട്ടി ഷിറോണ്‍ പറക്കുകയാണ്, വേഗത്തിലും വില്‍പനയിലും. കമ്പനിയെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള വില്‍പനയാണ് ഈ സൂപ്പര്‍കാറിന് ലഭിക്കുന്നത്. എണ്ണംപറഞ്ഞവ മാത്രമേ ഇത്തരം സൂപ്പര്‍കാറുകളായി പിറവിയെടുക്കുകയുള്ളൂ... അത് അവരുടെ മാസ്റ്റര്‍പ്പീസുകളായിരിക്കും. കോടികള്‍ വിലയുള്ള ഇത്തരം യന്ത്രങ്ങള്‍ വാങ്ങാനായി ലോകത്തെ വാഹനപ്രേമികള്‍ കൊതിക്കും.

ബുഗാട്ടിയുടെ വെയ്റോണായിരുന്നു ഇതുവരെ വേഗരാജാവ്. വെറും 450 എണ്ണം മാത്രമായിരുന്നു വില്‍പനയ്‌ക്കെത്തിയത്. അവയെല്ലാം വിറ്റുപോയി. 2005-ലായിരുന്നു വെയ്റോണിന്റെ ജനനം. 2015-ല്‍ 450-ാം വെയ്റോണും കോടീശ്വരനായ വാഹനപ്രേമിയുടെ കൈകളിലെത്തി. തുടര്‍ന്ന് 2016- ലാണ് ഷിറോണിനെ ബുഗാട്ടി അവതരിപ്പിച്ചത്. അന്നു തന്നെ ഫ്രഞ്ച് ഭീമന്‍ പറഞ്ഞു, അഞ്ഞൂറെണ്ണമേ നിര്‍മിക്കൂവെന്ന്.

റേസ്ട്രാക്കുകളില്‍ ബുഗാട്ടിക്കു വേണ്ടി വളയംപിടിച്ച ലൂയിസ് ഷിറോണിന്റെ സ്മരണയ്ക്കായാണ് തങ്ങളുടെ സൂപ്പര്‍കാറിന് 'ബുഗാട്ടി ഷിറോണ്‍' എന്ന് പേരിട്ടത്. അഞ്ഞൂറെണ്ണമേ നിര്‍മിക്കൂവെന്ന് പറഞ്ഞുവച്ച കാര്‍ രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും നൂറെണ്ണം വിറ്റുപോയി. കഴിഞ്ഞ ദിവസമാണ് നൂറാമത്തെ ഷിറോണ്‍ ഫ്രാന്‍സിലെ ബുഗാട്ടി ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങിയത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോടീശ്വരനായ ഒരു അറബ് വംശജനാണ് 28 ലക്ഷം യൂറോ (ഏകദേശം 21.7 കോടി രൂപ) നല്‍കി തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയത്. ഒട്ടേറെ സവിശേഷതകളുമായാണ് നൂറാമത്തെ ഷിറോണ്‍ പുറത്തിറങ്ങിയത്.

ഉടമ ആവശ്യപ്പെട്ട പ്രകാരം കടുപ്പമേറിയ നീല കാര്‍ബണ്‍ നിറമാണ് ഷിറോണിന് കമ്പനി നല്‍കിയിട്ടുള്ളത്. ആദ്യമായി മാറ്റ് ഫിനിഷും നല്‍കി. കാറിന്റെ വശങ്ങളിലൂടെ ഒഴുകുന്ന ബുഗാട്ടി സൈഡ് ലൈനിന് ഇക്കുറി നിറം ഇറ്റാലിയന്‍ റെഡ്. അലോയ് വീലുകളില്‍ തിളങ്ങുന്ന കറുപ്പുനിറം. അകത്ത് തുകല്‍ പൊതിഞ്ഞിരിക്കുന്നു. ചുവപ്പുനിറത്തിന്റ അപ്രമാദിത്വം അകത്തളത്തില്‍ തെളിഞ്ഞുകാണാം. W16 8.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് പരമാവധി 1,479 ബി.എച്ച്.പി. കരുത്തും 1600 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും.

Content Highlights; 100th Bugatti Chiron Delivered

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram