ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി മേയ് 20-ന് ഇന്ത്യയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഏത് മോഡലാണിതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ അതിഥിയുടെ എല്‍ഇഡി ഹെഡ്‌ലാമ്പ് ഭാഗം മാത്രം ദൃശ്യമാകുന്ന ടീസര്‍ ചിത്രമാണ് കമ്പനി പുറത്തുവിട്ടത്. ആദ്യ സൂചനകള്‍ പ്രകാരം വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുസുക്കി ജിക്‌സര്‍ 250 മോഡലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മസ്‌കുലാര്‍ ലുക്കില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ജിക്സര്‍ 250 യില്‍ ടെയില്‍ ലാമ്പും എല്‍ഇഡിയായിരിക്കും. മ്യൂസിക്, മെസേജ്, കോള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിലുണ്ടാകും. ഒന്നര ലക്ഷത്തിനുള്ളിലായിരിക്കും ജിക്‌സര്‍ 250യുടെ വില.
250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 22-25 പിഎസ് പവറും 20 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും ജിക്‌സര്‍ 250-യില്‍ നല്‍കും. വിപണിയില്‍ യമഹ FZ25 മോഡലായിരിക്കും ഇതിന്റെ പ്രധാന എതിരാളി.
Content Highlights; Suzuki Gixxer 250, Upcoming Suzuki Bike, Gixxer 250