ബ്രസീലില്‍ നേരിട്ടുള്ള കളിക്കിറങ്ങി റോയല്‍ എന്‍ഫീല്‍ഡ്‌


ആദ്യ ഘട്ടത്തില്‍ ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍ എന്നീ മൂന്നു മോഡലുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചത്.

നിരത്തിലെത്തി 116 വര്‍ഷങ്ങള്‍ പിന്നിട്ട റോയല്‍ എന്‍ഫീല്‍ഡ് ബ്രസീലിയന്‍ വിപണിയില്‍ നേരിട്ടുള്ള ഷോറൂം ആരംഭിച്ച് അങ്കത്തിനിറങ്ങുന്നു. ലോകത്തെ നാലാമത്തെ വലിയ ഇരുചക്രവാഹന വിപണിയായ ബ്രസീലിലെ സാവോ പോളോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ഷോറൂം തുറന്നത്. ആദ്യ ഘട്ടത്തില്‍ ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍ എന്നീ മൂന്നു മോഡലുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചത്.

ഇന്ത്യക്ക് പുറമേ കമ്പനി നേരിട്ടുള്ള വിപണനം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. നേരത്തെ 2015-ല്‍ അമേരിക്കയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം ആരംഭിച്ചിരുന്നു. ആഗോള വിപണിയില്‍ മിഡ് വെയ്റ്റ് സെഗ്‌മെന്റില്‍ കൂടുതല്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് റോയല്‍ എന്‍ഫീല്‍ഡ് ബ്രസീലിയന്‍ നിരത്തിലെത്തിയത്‌. പ്രാദേശിക ഡീലേര്‍സ് വഴി എന്‍ഫീല്‍ഡ് നേരത്തെ ബ്രിസീലിയന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്‌

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.6 ലക്ഷം യൂണിറ്റ് ബൈക്കുകള്‍ ആഗോളതലത്തില്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. 2018 അവസാനത്തോടെ വില്‍പ്പന 9 ലക്ഷം യൂണിറ്റിലെത്തിക്കാനാണ് എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, യൂറോപ്പ് തുടങ്ങി അന്‍പതിലേറെ രാജ്യങ്ങളിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കയറ്റി അയക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram