ഏറ്റവും കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ വില്‍പന 5000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. 2018 നവംബറില്‍ വിപണിയിലെത്തിയ റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളുടെ 5168 യൂണിറ്റുകളാണ് ഇതിനോടകം രാജ്യത്ത് കമ്പനി വിറ്റഴിച്ചത്. ഈ സെഗ്‌മെന്റിലോ/ഇതേ വില നിരവാരത്തിലോ ഉള്ള മറ്റു ബൈക്കുകള്‍ക്കൊന്നും ഈ കാലയളവിനുള്ളില്‍ ഇത്രയധികം യൂണിറ്റുകള്‍ വില്‍പന നടത്താന്‍ സാധിച്ചിട്ടില്ല.
നിലവില്‍ 650 ഇരട്ടകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നാല്-ആറ് മാസം വരെയാണ് വെയ്റ്റിങ് പിരീഡ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മാസംതോറും 2500 യൂണിറ്റുണ്ടായിരുന്ന വില്‍പന 4000-5000 യൂണിറ്റാക്കി കമ്പനി ഉയര്‍ത്തിയിരുന്നു. വിപണിയിലെത്തിയ ആദ്യം മാസം ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി വില്‍പന 325 യൂണിറ്റായിരുന്നു. ഡിസംബറില്‍ ഇത് 629 യൂണിറ്റായി ഉയര്‍ന്നു. 2019 ജനുവരിയില്‍ യഥാക്രമം 1069 യൂണിറ്റും ഫെബ്രുവരിയില്‍ 1445 യൂണിറ്റും വിറ്റഴിച്ചു. മാര്‍ച്ചില്‍ 1700 യൂണിറ്റും.
കഫേ റേസര്‍ പതിപ്പായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ഫീല്‍ഡ് ഇരട്ടകളിലെ 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റല്‍ ജിടി 650-ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില. സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളാണ് രണ്ട് മോഡലിനുമുള്ളത്.
Content Highlights; Royal Enfield 650 Twins Sales Cross 5000 Units In India