ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പമ്പയ്ക്ക് ബസ് കാത്തുനില്‍ക്കാന്‍ മടിയുള്ളവര്‍ക്ക് ഇനി ബൈക്കിലും പോകാം. വാടകയ്ക്ക് ബൈക്ക് നല്‍കുന്ന പദ്ധതിക്ക് ചെങ്ങന്നൂരില്‍ തുടക്കമായി.
തീര്‍ഥാടകര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സി.സി. ബുള്ളറ്റ് ബൈക്ക് വാടകയ്ക്കെടുക്കാം. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഒരാള്‍ക്കുള്ള ഹെല്‍മെറ്റും ഇതിനൊപ്പം നല്‍കും. 24 മണിക്കൂറിന് 1200 രൂപയാണ് വാടക. 200 കിലോമീറ്റര്‍ സഞ്ചരിക്കാം.
അധിക കിലോമീറ്ററിന് ആറുരൂപ വീതം ഈടാക്കും. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാണ് ബൈക്ക് നല്‍കുക. തിരികെ ഏല്‍പ്പിക്കുമ്പോഴും അത്രതന്നെ പെട്രോള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. പരീക്ഷണാടിസ്ഥാനത്തില്‍ ആറുബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്.
ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ ടെന്‍ഡര്‍ വിളിച്ചത് പ്രകാരം കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സ് ബൈക്കെന്ന സ്വകാര്യ ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തത്. മണ്ഡല-മകരവിളക്കുത്സവം അവസാനിക്കുന്നത് വരെ ബൈക്കുകള്‍ ലഭിക്കും.
Content Highlights: Rent A Bike Service For Sabarimala Pilgrimage