ഒടുവില്‍ ജാവ 300-ന്റെ യഥാര്‍ഥ രൂപവും ക്യാമറയില്‍ കുടുങ്ങി


ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.

താനും ദിവസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്താനിരിക്കുന്ന ജാവ 300-ന്റെ യഥാര്‍ഥ ചിത്രം പുറത്തായി. മുമ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഈ വാഹനത്തിന്റെ യഥാര്‍ഥ രൂപം പുറത്താകുന്നത്.

പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് രൂപസാദൃശ്യമുള്ള ഡിസൈനിലാണ് മഹീന്ദ്രയ്ക്ക് കീഴില്‍ ജാവ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍, വീതിയേറിയ സീറ്റ് എന്നിവ ചിത്രങ്ങളില്‍ കാണുന്നുണ്ട്.

ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ തന്നെ ജാവ ബൈക്കുകളെ നിരത്തില്‍ തിരച്ചെത്തിക്കുമെന്ന് മഹീന്ദ്ര സൂചന നല്‍കിയിരുന്നു.

പുതിയ ഇന്ത്യന്‍ ജാവയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നു. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

ചിത്രങ്ങള്‍ പ്രകാരം ജാവയില്‍ സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെങ്കിലും പിന്നില്‍ ഡ്രം ബ്രേക്ക് മാത്രമാണുള്ളത്. എബിഎസും വാഹനത്തിലുണ്ടാകും.

ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. നിലവില്‍ തക്കതായ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും.

മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. നവംബര്‍ 15-ന് അവതരിപ്പിക്കുന്ന ഈ വാഹനത്തിന് 1.5-2 ലക്ഷത്തിനുള്ളിലായിരിക്കും വില.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram