തേക്കിന്റെ നാട്ടില്‍നിന്ന് തേക്കിലൊരു ബുള്ളറ്റ്. രൂപത്തിലും ഭാവത്തിലും കാഴ്ചയിലും ഒറിജിനല്‍ ബുള്ളറ്റിനെ വെല്ലും ഈ തടിയില്‍ തീര്‍ത്ത ബുള്ളറ്റ്. കരുളായി കളംസ്വദേശി കണ്ടാലപ്പറ്റ ജിതിനാണ് തേക്കിന്‍തടികൊണ്ട് ബുള്ളറ്റ് നിര്‍മിച്ചത്. ബുള്ളറ്റിനോടുള്ള അമിതപ്രണയമാണ് ഇങ്ങിനെയൊരു സാഹസത്തിനു മുതിരാന്‍ കാരണമായത്.
ഇലക്ട്രീഷ്യനായ ജിതിന് രണ്ടുവര്‍ഷമെടുത്താണ് ഇതിന്റെ പണി തീര്‍ത്തത്. ജോലിയുടെ ഇടവേളകളിലും ഒഴിവുസമയത്തുമാണ് ഇതിനു സമയം കണ്ടെത്തിയത്. ബുള്ളറ്റിന്റെ ടയറുകള്‍ മലേഷ്യന്‍ ഇരൂളിലും ടാങ്കിലുള്ള ഡിസൈനുകള്‍ വീട്ടിയിലുമാണ്. ബാക്കിയെല്ലാം തനിത്തേക്കു തന്നെ.
ഏതാണ്ട് അഞ്ചുവര്‍ഷത്തോളം വിദേശത്ത് ജോലിചെയ്തു. മടങ്ങുമ്പോള്‍ ബുള്ളറ്റ് നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ അവിടെനിന്നു കൊണ്ടുവന്നു. നാട്ടിലെത്തിയശേഷം ഒരു ബുള്ളറ്റ് വാങ്ങി പിന്നെ അതു നോക്കിയായിരുന്നു നിര്‍മാണം.
ഏഴുവര്‍ഷം മുമ്പ് തടിയില്‍ ചെറിയൊരു ബുള്ളറ്റ് നിര്‍മിച്ചിരുന്നു. അത് നന്നായിരുന്നു. അന്നുതുടങ്ങിയതാണ് യഥാര്‍ഥ വലിപ്പത്തിലുള്ള ബുള്ളറ്റ് നിര്‍മിക്കാനുള്ള മോഹം. വീട്ടിലുണ്ടായിരുന്ന രണ്ട് തേക്കുകള്‍ ഇതിനായി മുറിച്ചു. തനിച്ചുതന്നെയാണ് മുഴുവന്പണികളുമെടുത്തത്. ഈ ആഗ്രഹസഫലീകരണത്തിന് ഏതാണ്ട് പുതിയൊരു ബുള്ളറ്റിന്റെ വിലയായതായി ഇദ്ദേഹം പറഞ്ഞു.
വീട്ടില്‍ തന്റെ ബുള്ളറ്റിന്റെയൊപ്പം വെച്ചിരിക്കുകയാണ് ഈ മരബുള്ളറ്റ്. പണിപൂര്‍ത്തിയാക്കി ഫിറ്റ് ചെയ്ത ശേഷം ഇപ്പോള്‍ വീട്ടില്‍ അഴിച്ചുവെച്ചിരിക്കുകയാണ്. തടിബുള്ളറ്റ് കാണാന്‍ ആളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തുന്നുണ്ട്.
Content Highlights: Man Made Bullet Bike In Teak Wood