കവാസാക്കിയുടെ ടൂറിങ് ബൈക്കായ വെര്‍സീസ്-1000 ഇന്ത്യന്‍ നിരത്തുകളോട് വിടപറയുന്നു. ഇന്ത്യയില്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് കവാസാക്കി വെര്‍സീസ് 1000 ഇന്ത്യയില്‍ ഇറക്കുന്നത് നിര്‍ത്തുന്നത്.
ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഭാരത് സ്റ്റേജ്-4 നിലവാരത്തിലുള്ള വെര്‍സീസ്-1000 ന്റെ ഒരു ബൈക്ക് പോലും കാവാസാക്കി ഇന്ത്യ നിര്‍മിച്ചിരുന്നില്ല. കഴിഞ്ഞ ഏപ്രിലിലാണ് ബിഎസ്-4 വാഹനങ്ങള്‍ രാജ്യത്ത് നിര്‍ബന്ധമാക്കിയത്.
വെര്‍സീസ്-1000 മാത്രമാണ് ഉത്പാദനം അവസാനിപ്പിക്കുന്നത്. എന്നാല്‍, കവാസാക്കിയുടെ മറ്റ് മോഡലുകളായ വെര്‍സീസ് എക്സ്-300, വെര്‍സീസ് 650 തുടങ്ങിയ മോഡലുകള്‍ ഇനിയും വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ട്രൈംഫ് ടൈഗര്‍ 1200, ബിഎംഡബ്ല്യു ആര് 1200 ജിഎസ് അഡ്വഞ്ചര്‍, ഹോണ്ട ആഫ്രിക്ക് ട്വിന്‍ എന്നീ ബൈക്കുകളോട് മത്സരിച്ചാണ് കവാസാക്കി വെര്‍സീസ് 1000 നിരത്തില്‍ പിടിച്ചുനിന്നിരുന്നത്.
ആറ് സ്പീഡ് ഗിയര്‍ ബോക്സിനൊപ്പം 1043 സിസി നാല് സിലണ്ടര്‍ എന്‍ജിനാണ് വെര്‍സീസ്-1000 പ്രവര്‍ത്തിച്ചിരുന്നത്. 1043 സിസിയില്‍ 118 ബിഎച്ച്പി പവറും 102 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിച്ചിരുന്നത്.
ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞെങ്കിലും വിദേശ രാജ്യങ്ങളില്‍ വെര്‍സീസ് ഇനിയും ഇറക്കുമെന്ന് ജപ്പാന് വാഹന ഭീമന്മാരായ കവാസാക്കി അറിയിച്ചു. ഇന്ത്യയില്‍ 13.28 ലക്ഷം രൂപയായിരുന്നു വെര്‍സീസ്-100ന്റെ വില.
Content Highlights: Kawasaki Versys 1000 Discontinued In India