രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയ മോട്ടോര്‍ സൈക്കിളാണ് ജാവ. രണ്ടാം വരവില്‍ ജാവ, ജാവ 42, പരേക് എന്നീ മൂന്ന് ബൈക്കുകള്‍ അവതരിപ്പിച്ചെങ്കിലും ജാവ, ജവ 42 എന്നീ ബൈക്കുകള്‍ നിരത്തിലെത്തുകയും പരേകിന്റെ വരവ് നീളുകയുമായിരുന്നു.
ഫാക്ടറി കസ്റ്റം ബോബര്‍ എന്ന് ജാവ വിശേഷിപ്പിച്ചിരുന്ന പരേക് നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. എന്നാല്‍, ജാവയുടെ ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് ആയിരിക്കും പരേക് എത്തുകയെന്നാണ് സൂചനകള്‍. 2020-ന്റെ ആരംഭത്തില്‍ തന്നെ ഈ ക്രൂയിസറിനെ നിരത്തില്‍ പ്രതീക്ഷിക്കാം.
ജാവ, ജാവ 42 ബൈക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പരേകും എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന വാഹനമാണ് പരേക്. സിംഗിള്‍ സീറ്റ്, മോണോ സസ്‌പെന്‍ഷന്‍ മാറ്റ് പെയിന്റ് ഫിനീഷിങ്ങ് തുടങ്ങിയവ പരേകിനെ വ്യത്യസ്തമാക്കും.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പരേകില്‍ പ്രവര്‍ത്തിക്കുന്നത്. 334 സിസി ഡിഎച്ച്ഒസി, ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ ബൈക്കിലുള്ളത്. ഇത് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.
ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലൊരുങ്ങുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് പ്രധാന എതിരാളിയായെത്തുന്ന പരേകിന് 1.89 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
Content Highlights: Jawa Perak Will Be Launched In Early 2020