ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ 334 സിസി എന്‍ജിനാണ് പേരകിലുള്ളത്
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജാവ, ജാവ 42, പെരാക് എന്നീ മൂന്ന് മോഡലുകളുമായി ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മോഡലായിരുന്നു പേരക്. ജാവ, ജാവ 42 മോഡലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ പുറത്തിറങ്ങിയെങ്കിലും പേരകിനായി വാഹന പ്രേമികളുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു. ഒടുവില്‍ ഇന്ത്യയിലെത്തിയ ഒന്നാം വാര്‍ഷിക വേളയില്‍ ബോബര്‍ സ്‌റ്റൈല്‍ പേരകിനെ ജാവ പുറത്തിറക്കി. 1.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും വാഹനത്തിനുള്ള ബുക്കിങ് 2020 ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ പേരക് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ക്ലാസിക് ബോബര്‍ സ്റ്റൈല്‍ മോഡലാണ് പേരക്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പേരകിനുള്ളത്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പേരകിനെ വ്യത്യസ്തമാക്കും. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 750 എംഎം ആണ് സീറ്റ് ഹൈറ്റ്. ആകെ ഭാരം 179 കിലോഗ്രാം.