ജാവ സ്വന്തമാക്കാന്‍ ആരാധകര്‍ ഇരച്ചെത്തി; കമ്പനി ബുക്കിങ് നിര്‍ത്തി


അടുത്ത വര്‍ഷം സെപ്തംബര്‍ വരെ പുറത്തിറക്കാനുള്ള ബൈക്കുകളുടെ ബുക്കിങ് ഇതിനോടകം കമ്പനിക്ക് ലഭിച്ചു.

ഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ജാവ ബൈക്കുകള്‍ക്ക് വന്‍ വരവേല്‍പ്പ്. അടുത്ത വര്‍ഷം സെപ്തംബര്‍ വരെ പുറത്തിറക്കാനുള്ള ബൈക്കുകളുടെ ബുക്കിങ് ഇതിനോടകം കമ്പനിക്ക് ലഭിച്ചു. അതിനാല്‍ തുടര്‍ന്നങ്ങോട്ടുള്ള ജാവ ബുക്കിങ് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. രാജ്യത്തുടനീളം ഓണ്‍ലൈന്‍ വഴി നവംബര്‍ 15 മുതലാണ് ജാവയുടെ ബുക്കിങ് ആരംഭിച്ചിരുന്നത്.

Read More; തിരിച്ചെത്തിയ ജാവയെക്കുറിച്ച് അറിയാം

5000 രൂപ നല്‍കി നിലവില്‍ ജാവ ബുക്ക് ചെയ്തവര്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ വാഹനം കൈമാറി തുടങ്ങും. നിലവില്‍ പുണെ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി പത്ത് ഡീലര്‍ഷിപ്പുകള്‍ കമ്പനി തുറന്നിട്ടുണ്ട്. 2019 ഫെബ്രുവരി 15-ന് മുമ്പ് രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്.

Read More; തരംഗമാകാന്‍ സാക്ഷാല്‍ ജാവ

ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവയില്‍ നിന്ന് ആദ്യമെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി.

Content Highlights; Jawa Motorcycles Sold Out Till September 2019, Online Bookings Closed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram