ഹോളിവുഡ് സിനിമകളിലും പ്രമുഖ ശൈത്യകാല സാഹസിക വിനോദകേന്ദ്രങ്ങളിലും കാണാറുള്ള സ്നോ സ്കൂട്ടറുകള് ഇനി ഇന്ത്യന്‍ സേനയുടെ ഭാഗമാകും. മഞ്ഞുപുതഞ്ഞുകിടക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനാണ് (ഐ.ടി.ബി.പി.) ഈ കരുത്തനെ ലഭിച്ചിരിക്കുന്നത്. സേനയുടെ അതിര്‍ത്തി പരിശോധന ശക്തമാക്കുന്നതിനാണ് മഞ്ഞില്‍ കുതിക്കാന്‍ കഴിവുള്ള ഇവനെ സേനയില്‍ ചേര്‍ത്തിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ അഞ്ച് സ്നോ സ്കൂട്ടറുകളാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ സ്ഥാപനമാണ് ഇവ എത്തിച്ചത്. ഒരുകോടിയാണ് ഇതിനായി സേന ചെലവഴിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആയുധങ്ങളുമായി ഇതില്‍ സഞ്ചരിക്കാം. 45 ഡിഗ്രി ചരിവുള്ള മഞ്ഞുപുതഞ്ഞ മലഞ്ചെരിവുകളില്പോലും ഇവന് കുതിച്ചുപായും. മഞ്ഞില്‍ അനായാസം പായാന്‍ സഹായിക്കുന്ന ചെയിന്‍ കെയ്സ് ബെല്‍റ്റുകളാണ് ഇവയ്ക്കുള്ളത്.
വെള്ളയും കറുപ്പും ചേര്‍ന്ന നിറമുള്ള സ്നോ സ്കൂട്ടറിന് 278 കിലോയാണ് ഭാരം. മഞ്ഞു പാളികളില്‍ മികച്ച ഗ്രൗണ്ട് കണ്ട്രോള് ലഭിക്കാന്‍ ഹൈഡ്രോളിക് ബ്രേക്കുകള്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. 41 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ആദ്യഘട്ടത്തിലെത്തുന്ന സ്നോ സ്കൂട്ടറുകളുടെ പെര്‍ഫോമെന്‍സ് പരിശോധിച്ച ശേഷം കൂടുതല്‍ സ്നോ സ്കൂട്ടറുകള് വാങ്ങിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.