ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി എന്ന പദവി ഇനി ഇന്ത്യക്ക് സ്വന്തം. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന അയല്‍ക്കാരായ ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍ മാനുഫാക്‌ചറേഴ്സ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016-17 കാലയളവില്‍ 170 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇതേ കാലയളവില്‍ 168 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കാനെ ചൈനയ്ക്ക് സാധിച്ചുള്ളു. ഇന്ത്യയില്‍ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം പോയവര്‍ഷം മികച്ച നേട്ടം കൊയ്തിരുന്നു.
60 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച ഇൻഡൊനീഷ്യയാണ് ആഗോള വിപണിയില്‍ മൂന്നാം സ്ഥാനത്ത്. കണക്കുകള്‍ പ്രകാരം 48000-ത്തോളം ഇരുചക്ര വാഹനങ്ങളാണ് ദിനംപ്രതി ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ആകെ വിറ്റഴിച്ച 170 ലക്ഷം വാഹനങ്ങളില്‍ 120 ലക്ഷം ബൈക്കുകളും 50 ലക്ഷം സ്‌കൂട്ടറുകളുമാണ്. ഇതില്‍ 65 ലക്ഷവും 100-110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ്. അവസാന നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇരുചക്ര വാഹന വിപണി അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് സ്വന്തമാക്കിയത്. 2011-12 കാലയളവില്‍ 130 ലക്ഷമായിരുന്ന വില്‍പ്പനയാണ് പടിപടിയായി കയറി 170 ലക്ഷത്തിലെത്തിയത്.
2010-ല്‍ 270 ലക്ഷം വാഹനങ്ങല്‍ വിറ്റഴിച്ച ചൈനയ്ക്ക് പിന്നിടിങ്ങോട്ട് വര്‍ഷംതോറും വില്‍പ്പന ഗണ്യമായി കുറഞ്ഞു. പല നഗരമേഖലകളിലും ഇരുചക്ര വാഹനങ്ങളുടെ വില്‍പന നിരോധിച്ചതും ആഭ്യന്തര വിപണിയില്‍ ഇറക്കുമതി മോഡലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ചൈനീസ് വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം വില കുറഞ്ഞ കുഞ്ഞന്‍ കാറുകളുടെ വരവും ഇരുചക്ര വിപണിയെ തളര്‍ത്തി. ഇന്ത്യയില്‍ ഓട്ടോമാറ്റിക്ക് സ്‌കൂട്ടര്‍, കമ്മ്യൂട്ടര്‍ ശ്രേണിക്കൊപ്പം എഞ്ചിന്‍ ശേഷി വര്‍ധിച്ച മോഡലുകള്‍ക്കും പോയ വര്‍ഷം ജനപ്രീതി വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.