മനംമയക്കുന്ന രൂപത്തില്‍ ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ അവതരിച്ചു, X-ADV 150


ഒറ്റനോട്ടത്തില്‍തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന അഗ്രസീവ് ഡിസൈനാണ് പ്രധാന സവിശേഷത.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ പുതിയ X-ADV 150 അവതരിപ്പിച്ചു. ഇന്‍ഡൊനീഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ഗെയ്കിന്തോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയിലാണ് ഈ അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ ഹോണ്ട മറനീക്കി പുറത്തിറക്കിയത്‌. ഹോണ്ട നിരയിലെ 745 സിസി ട്വിന്‍ സിലിണ്ടര്‍ X-ADV മോഡലിന്റെ അടിസ്ഥാനത്തിലാണ് ചെറു X-ADV 150യുടെ നിര്‍മാണം. രൂപവും ഇതിന് സമാനം.

ഒറ്റനോട്ടത്തില്‍തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന അഗ്രസീവ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ബൈക്കുകള്‍ക്ക് സമാനമായ മാസീവ് രൂപമാണ് മുന്‍ഭാഗത്തിന്. അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ വിന്‍ഡ്‌സ്‌ക്രീന്‍, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, ഡ്യുവല്‍ എല്‍ഇഡി ഹെഡ് ലാമ്പ്, വലിയ ഫ്രണ്ട് ആപ്രോണ്‍, സ്പ്ലിറ്റഡ് ഫ്‌ളോര്‍ബോര്‍ഡ്, ഒഴുകിയിറങ്ങുന്ന വലിയ സീറ്റ്‌, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ് എന്നിവ അഡ്വഞ്ചര്‍ ഭാവത്തിന് നന്നായി ഇണങ്ങും. വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്. സുഖകരമായ സ്‌പോര്‍ട്ടി റൈഡിങ് പൊസിഷനും X-ADV 150 മോഡലിനെ വേറിട്ടുനിര്‍ത്തം.

മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 13 ഇഞ്ചുമാണ് അലോയി വീല്‍. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും സിംഗിള്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുമുണ്ട്. 14.7 ബിഎച്ച്പി പവറും 13.8 എന്‍എം ടോര്‍ക്കുമേകുന്ന 149.3 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. അതേസമയം ഈ അഡ്വഞ്ചര്‍ മോഡല്‍ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ സ്ഥിരീകരണമെന്നും ഇതുവരെ ഹോണ്ട നല്‍കിയിട്ടില്ല.

Content Highlights; Honda unveils X-ADV 150 advendure scooter in indonesia, Honda X-ADV 150, Honda adventure scooter, Honda scooters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram