കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഹീറോ അവതരിപ്പിച്ച എക്സ്ട്രീം 200R കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് ഔദ്യോഗികമായി പുറത്തിറക്കി. പഴയ എക്സ്ട്രീം സ്പോര്‍ട്സില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കരുത്തുറ്റ 200 സിസി എന്‍ജിനുമായാണ് എക്സ്ട്രീം 200R അവതരിച്ചത്. എന്ജിന് പുറമേ ബോഡി ഡിസൈനിലും കാതലായ മാറ്റങ്ങളുണ്ട്. ഈ വര്‍ഷം ഏപ്രിലോടെ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വില സംബന്ധിച്ച കാര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു.
200-250 സിസി എന്ജിന് നിരയിലേക്കുള്ള ഹീറോയുടെ അരങ്ങേറ്റമാണ് എക്സ്ട്രീം 200R. സ്പോര്‍ട്ടി രൂപത്തിന് മുന്‍ഗണന നല്‍കിയാണ് വാഹനത്തിന്റെ ഡിസൈന്‍. പുതിയ 199.6 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 18.4 ബിഎച്ച്പി പവറും 17.1 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ട്രാന്സ്മിഷന്. അധിക സുരക്ഷ നല്കാന് ഓപ്ഷണലായി എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ 200 എന്നിവരാണ് പുതിയ എക്സ്ട്രീമിനെ കാത്തിരിക്കുന്ന എതിരാളികള്‍.
മുന്‍ഭാഗത്തുള്ള എയര്‍ വെന്റ്സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് 200 സിസി എക്സ്ട്രീമിന്റെ പ്രധാന സവിശേഷതകള്‍. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്ററാണ് വേഗത. 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 114 കിലോമീറ്ററാണ് പരമാവധി വേഗത. 45-50 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights; Hero Xtreme 200R unveiled