ബുള്ളറ്റിലൊരു Merry Xmas; നാടുചുറ്റി ആഘോഷിച്ച്‌ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ക്ലബ്ബ്


സിറാജ് കാസിം

ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ക്രിസ്മസ് ആഘോഷത്തിനായി ഒത്തുചേര്‍ന്നപ്പോള്‍ കാണാനായത് ആത്മവിശ്വാസത്തിന്റെ നിറങ്ങള്‍...

'ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ക്ലബ്ബി'ലെ അംഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുക്കിയ സംഗമത്തെ വിശേഷിപ്പിക്കാന്‍ ഈ വാചകമേയുള്ളൂ... 'അപൂര്‍വ സുന്ദര സംഗമം'. ക്ലബ്ബിലെ അംഗങ്ങളായ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ക്രിസ്മസ് ആഘോഷത്തിനായി ഒത്തുകൂടാന്‍ തീരുമാനിച്ചപ്പോള്‍ വേദിയുടെ കാര്യത്തില്‍ ഒരു അഭിപ്രായം മാത്രമേയുണ്ടായിരുന്നുള്ളൂ... 'കൊച്ചി'.

'കേരളത്തിലെ വിവിധ ജില്ലകളിലെ അംഗങ്ങള്‍ ഈ ക്രിസ്മസ് ആഘോഷത്തിനായി ഇവിടെയെത്തിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ സംഗമിക്കാനായിരുന്നു എല്ലാവരും കൂടി തീരുമാനിച്ചത്. കണ്ണൂരില്‍ നിന്നുള്ള ബിന്ദു കുരുവിളയും കോഴിക്കോടു നിന്നുള്ള സഞ്ജുക്ത സന്ദേശും മലപ്പുറത്തു നിന്നുള്ള റെന്‍സി ജോസഫും ഒക്കെ തലേന്ന് രാത്രി പുറപ്പെട്ടാണ് വെളുപ്പിന് ഇവിടെയെത്തിയത്.

എറണാകുളം ജില്ലയിലെ അംഗങ്ങളും വെളുപ്പിനു തന്നെ റൈഡിന് തയ്യാറെടുത്ത് എത്തിയിരുന്നു. പുലര്‍ച്ചെ മഞ്ഞുപെയ്യുന്ന സംഗീതം ആസ്വദിച്ച് ഫോര്‍ട്ടുകൊച്ചിയിലേക്കായിരുന്നു ഞങ്ങളുടെ റൈഡ്. അവിടെ കാര്‍ണിവലും മറ്റും ആസ്വദിച്ച ശേഷം പിന്നെയും കുറേ റൈഡ് ചെയ്തു. ക്രിസ്മസ് വേഷത്തില്‍ ആഘോഷത്തോടെ തന്നെയായിരുന്നു ഞങ്ങളുടെ റൈഡ്. ഈ ക്രിസ്മസ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമായിരിക്കും...'

-ലേഡീസ് ബുള്ളറ്റ് ക്ലബ്ബിന്റെ സെക്രട്ടറി മീര രാമദാസ് ഇതു പറയുമ്പോള്‍ സന്തോഷത്തിന്റെ പാരമ്യത്തിലായിരുന്നു കൂട്ടുകാരെല്ലാം.

സ്ത്രീകള്‍ പുലിക്കുട്ടികളാണ്

'ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ...' എങ്ങനെയാണ് ആ ചിന്ത വന്നതെന്ന ചോദ്യത്തിന് ക്ലബ്ബിന്റെ പ്രസിഡന്റ് സോണിയ ഗ്രേഷ്യസാണ് മറുപടി പറഞ്ഞത്. 'ഞങ്ങള്‍ സ്ത്രീകള്‍ ബുള്ളറ്റ് ഓടിക്കുന്നുവെന്ന് പറയുമ്പോള്‍ ഇപ്പോഴും പലരുടേയും മുഖം ചുളിയും. പുരുഷന്‍മാര്‍ ഓടിക്കുന്ന വാഹനത്തിന് പിന്നിലിരുന്നു മാത്രം സഞ്ചരിക്കേണ്ടവരാണ് സ്ത്രീകളെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. ഞാന്‍ 18-ാം വയസ്സില്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ച ആളാണ്. മീരയെ ബുള്ളറ്റ് ഓടിക്കാന്‍ പരിശീലിപ്പിക്കാന്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു ക്ലബ്ബ് ആയാലോ എന്ന ചിന്ത തലയിലുദിച്ചത്.

മീരയെപ്പോലെ ബുള്ളറ്റ് ഓടിക്കുന്ന പല സ്ത്രീകളുമുണ്ട്. പക്ഷേ, പുറത്തേക്ക് ഓടിച്ചുപോകാന്‍ അവരില്‍ പലര്‍ക്കും മടിയാണ്. ഗ്രൂപ്പ് ആയാല്‍ ഈ മടിയും സങ്കോചവുമൊക്കെ മാറി പല സ്ത്രീകളും മുന്നോട്ടു വരുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. അങ്ങനെയാണ് 'ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ക്ലബ്ബ്' തുടങ്ങിയത്. രണ്ടുവര്‍ഷം മുമ്പ് ഒരു ദിനത്തില്‍ പനമ്പിള്ളി നഗറിലെ വാക്വേയില്‍ ഒത്തുകൂടാന്‍ പലര്‍ക്കും മെസേജ് അയച്ചു. അന്ന് 12 പേരാണ് ബുള്ളറ്റുമായി അവിടെ വന്നത്. അങ്ങനെ 12 പേരുമായി തുടങ്ങിയ ക്ലബ്ബില്‍, ഇപ്പോള്‍ നൂറിനടുത്ത് അംഗങ്ങളുണ്ട്. സ്ത്രീകള്‍ പുലിക്കുട്ടികളാണെന്ന് തെളിയിക്കുന്നതാണ് ഞങ്ങളുടെ ഈ കൂട്ടായ്മ...'

പഞ്ചറൊട്ടിച്ച യാത്രകള്‍

ചുരുങ്ങിയ നാളുകള്‍ കൊണ്ട് വിജയത്തിന്റെ വലിയൊരു കൂട്ടായ്മയായി ലേഡീസ് റൈഡേഴ്സ് ക്ലബ്ബ് മാറുമ്പോള്‍ നിറഞ്ഞ സന്തോഷത്തിലാണ് അംഗങ്ങളെല്ലാം. ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യനായ ലിബാസ് സാദിഖ് എന്ന സൂപ്പര്‍ ലേഡി മുതല്‍ ട്രാവല്‍ ഏജന്‍സിയുടെ മാനേജരായ ദേവിക മേനോന്‍ എന്ന പ്രൊഫഷണല്‍ വരെയായി ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ഒരുപാട് സ്ത്രീകളാണ് ഇന്ന് ക്ലബ്ബിന്റെ കരുത്ത്.

'ഞങ്ങള്‍ ബുള്ളറ്റുമായി പുറത്തേക്കിറങ്ങുമ്പോള്‍ ഇന്നും പലരുടേയും നോട്ടവും ഭാവവുമൊക്കെ വലിയ പ്രശ്‌നമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഡ്രൈവിങ് സാധ്യമാകുമെന്ന സന്ദേശമാണ് ഈ കൂട്ടായ്മയിലൂടെ ഞങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ എത്ര ദൂരം വേണമെങ്കിലും ബുള്ളറ്റ് ഓടിച്ചുപോകാന്‍ ഞങ്ങള്‍ക്കു ആത്മവിശ്വാസമുണ്ട്. യാത്രയ്ക്കിടയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാനും ഞങ്ങള്‍ പരിശീലനം നേടിക്കഴിഞ്ഞു. ടയര്‍ പഞ്ചറായാല്‍ അതൊട്ടിക്കാനും ടയര്‍ മാറ്റിയിടാനുമൊക്കെ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. ക്ലച്ചു കേബിളോ ആക്‌സിലറേറ്റര്‍ കേബിളോ ഒക്കെ പൊട്ടിയാല്‍ അതൊക്കെ മാറ്റിയിടാനുമറിയാം. വഴിയില്‍ ഏതു പ്രതിസന്ധി വന്നാലും ഞങ്ങള്‍ക്ക് അതിജീവിക്കാനാകുമെന്നാണ് വിശ്വാസം...' -ലിബാസ് സാദിഖ് പറയുന്നു.

വയസ്സ് കുറയുന്ന ക്രിസ്മസ്

ക്രിസ്മസ് ആഘോഷത്തിന് ഒത്തുകൂടുമ്പോഴും ബുള്ളറ്റും ബൈക്കും കൂടെ വേണമെന്ന് ക്ലബ്ബിലെ അംഗങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ക്ലബ്ബിലെ സീനിയര്‍ അംഗമായ 52-കാരി ദേവിക മേനോനും ജൂനിയര്‍ അംഗങ്ങളായ, വിദ്യാര്‍ഥികളായ റോണ്‍സി എലിസബത്തും ഹെന്ന സുനിലുമൊക്കെ ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരായിരുന്നു. കോട്ടയത്ത് നിന്നെത്തിയ ഷീന റോയിയും നേവല്‍ ബേസില്‍ ജോലിചെയ്യുന്ന ആതിര സുനിലും ഐ.ടി. മേഖലയിലെ റിജ സിബിയും കെ. ശ്രീദേവിയുമൊക്കെ അടിപൊളി ആഘോഷത്തിനായി ബുള്ളറ്റില്‍ എത്തുമ്പോള്‍, ക്ലബ്ബിലെ നവാഗതയായ ജിഷ രാജേഷ് കൗതുകത്തോടെ എല്ലാം നോക്കിനില്‍ക്കുകയായിരുന്നു.

'ലേഡി ബൈക്ക് റൈഡേഴ്സ് ക്ലബ്ബില്‍ വന്നതോടെ എനിക്ക് അഞ്ചുവയസ്സ് കുറഞ്ഞതുപോലെ തോന്നുന്നു. അത്രമേല്‍ പോസിറ്റീവ് എനര്‍ജിയാണ് ഓരോ റൈഡിലും എനിക്ക് കിട്ടുന്നത്. ഒന്നിച്ചുനിന്നാല്‍ ഏറെ ശക്തി കിട്ടുമെന്ന് പറയുന്നത് എത്ര ശരിയാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ബുള്ളറ്റിലെത്തി ഇവിടെ എല്ലാവരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്...'

-ജിഷയുടെ വാക്കുകള്‍ പൂര്‍ത്തിയാകും മുമ്പേ കൂട്ടുകാരികള്‍ ഒത്തുചേര്‍ന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു: 'ബുള്ളറ്റിലെ ഈ ക്രിസ്മസ് ആഘോഷത്തില്‍ ഞങ്ങള്‍ക്കും അഞ്ചുവയസ്സ് കുറഞ്ഞേ...!'

Content Highlights: Christmas Celebration Of Bike And Bullet Lady Riders Club

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram