പെര്‍ഫോമെന്‍സ് ശ്രേണിയില്‍ കരുത്തന് ഡോമിനാര്‍ 400 അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇതേ എഞ്ചിന് കരുത്തില്‍ ക്രൂസര്‍ മോഡല്‍ അവഞ്ചെര്‍ 400 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ് ഓട്ടോ. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാകും അവഞ്ചെര്‍ 400 നിരത്തിലെത്തുക. കെടിഎം ഡ്യൂക്ക് 390, ഡോമിനാര്‍ 400 എന്നിവയില്‍ ഉള്‍പ്പെടുത്തിയ അതേ 375 സിസി എഞ്ചിനാകും അവഞ്ചെര്‍ 400-നും കരുത്തേകുക. 43 ബിഎച്ച്പി കരുത്തും, 35 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്.
ക്രൂസര്‍ ലൈനപ്പില്‍ ബജാജിന്റെ നാലമത്തെ മോഡലായിരിക്കും അവഞ്ചെര്‍ 400. സ്ട്രീറ്റ് 150, സ്ട്രീറ്റ് 220, ക്രൂയിസ് 220 എന്നിവയാണ് മറ്റ് മൂന്നെണ്ണം. ഈ വര്‍ഷം അവസാനത്തോടെ അവഞ്ചെര്‍ 400 ഇങ്ങോട്ടെത്താനാണ് സാധ്യത. ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് ഇതുസംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. തണ്ടര്‍ബേഡിന്റെ എതിരാളിക്ക് ഏകദേശം 1.50 ലക്ഷത്തിനുള്ളിലാകും വിപണി വില. ഓസ്ട്രിയന്‍ പാര്‍ട്ണര്‍ കെടിഎം ഗ്രൂപ്പുമായി ചേര്‍ന്ന് പൂര്‍ണമായും പുതിയ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. അവഞ്ചെര്‍ 400-ന്റെ കൂടുതല്‍ ഫീച്ചേര്‍സ് വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിട്ടേക്കും.