ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി ഇ-സ്‌കൂട്ടര്‍ വിപണന ശൃംഖല ചെന്നൈയ്‌ലേക്കും വ്യാപിപ്പിക്കുന്നു. 2019 ജൂണ്‍ മുതല്‍ ചെന്നൈയില്‍ ആതര്‍ ലഭ്യമാകും. കമ്പനി വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചെന്നൈയ്ക്ക് പിന്നാലെ പുണെ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും ആതര്‍ എത്തും. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ആതര്‍ മോഡലുകള്‍ ലഭ്യമാവുന്നത്.
ആതര്‍ 450, ആതര്‍ 340 എന്നീ രണ്ട് മോഡലുകളാണ് ആതര്‍ നിരയിലുള്ളത്. ആതര്‍ 340 മോഡലിന് 1.13 ലക്ഷം രൂപയും ആതര്‍ 450-ക്ക് 1.28 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. രൂപത്തില്‍ പതിവ് സ്‌കൂട്ടറുകളില്‍ നിന്ന് അല്‍പം മോഡേണാണ് ആതര്‍. 340, 450 മോഡലുകള്‍ തമ്മില്‍ രൂപത്തില്‍ വ്യത്യാസമില്ല. ബാറ്ററി ഫീച്ചേഴ്‌സില്‍ മാത്രമാണ് മാറ്റം. ഡ്യുവല്‍ ടോണ്‍ ബോഡി, ആന്‍ഡ്രോയിഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റ്‌സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്‌സ്, റിവേഴ്സ് മോഡോടുകൂടിയ പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 12 ഇഞ്ചാണ് അലോയി വീല്‍. ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസ് സീറ്റിനടിയിലുണ്ട്.
ആതര്‍ 340-യില്‍ 1.92 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ബ്രഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോറിന് ആവശ്യമായ പവര്‍ നല്‍കുക. പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ആതര്‍ 450-യിലെ 2.4 kWh ലിഥിയം അയോണ്‍ ബാറ്ററി. 'ആതര്‍ 340' മണിക്കൂറില്‍ 70 കിലോമീറ്റര്‍ സ്പീഡിലും 'ആതര്‍ 450' മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും. 5.1 സെക്കന്‍ഡില്‍ 340 മോഡല്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം 450-ക്ക് ഈ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ് മതി.
340യില്‍ ഒറ്റചാര്‍ജില്‍ 45-60 കിലോമീറ്ററും 450-യില്‍ 55-75 കിലോമീറ്റര്‍ ദൂരവും പിന്നിടാം. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്. രണ്ട് മോഡലുകളിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. കംബയ്ന്‍ഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നില്‍ 200 എംഎം ഡിസ്‌കും പിന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക.
Content Highlights; Ather Energy to launch e-scooters in Chennai in June 2019