പുതിയ 2020 സുസുക്കി ഹയാബുസ ഇന്ത്യയില്‍; വില 13.75 ലക്ഷം രൂപ


ബിഎസ് 4 നിലവാരത്തിലുള്ള അവസാനത്തെ ഹയാബുസ മോഡലാണിത്.

സുസുക്കി പുതിയ 2020 ഹയാബുസ ഇന്ത്യയില്‍ പുറത്തിറക്കി. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതിയ ഹയാബുസയുടെ ചുരുങ്ങിയ യൂണിറ്റുകള്‍ മാത്രമേ സുസുക്കി പുറത്തിറക്കുകയുള്ളൂ. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 നിലവാരത്തിലുള്ള അവസാനത്തെ ഹയാബുസയാണിത്. അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പ് എല്ലാ മോഡലുകളും സുസുക്കി ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തും.

മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡാറിങ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ ഹയാബുസ ലഭ്യമാവുക. പുതിയ സ്‌പോര്‍ട്ടി ഗ്രാഫിക്‌സും പുതിയ ബ്രേക്ക് കാലിപേഴ്‌സും ഹയാബുസയെ വ്യത്യസ്തമാക്കും. ഇവയൊഴികെ മുന്‍മോഡലില്‍നിന്ന് ഹയാബുസയ്ക്ക് വലിയ മാറ്റങ്ങളില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സും പഴയപടി തുടരും. 1340 സിസി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 197 ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി മുന്നില്‍ 310 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 260 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്.

ഇറക്കുമതിവഴി ഇന്ത്യയിലെത്തുന്ന ഹയാബുസയുടെ അസംബിള്‍ ജോലികള്‍ നടക്കുക ഗുരുഗ്രാമിലെ ഫാക്ടറിയിലാണ്. അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ ഉപഭോക്താക്കള്‍ക്ക് 2020 ഹയാബുസ കൈമാറി തുടങ്ങും. ഇന്ത്യന്‍ വിപണിയില്‍ കവസാക്കി നിഞ്ച ZX-14R മോഡലാണ് ഹയാബുസയുടെ പ്രധാന എതിരാളി.

Content Highlights; 2020 suzuki hayabusa launched in india

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram