എന്തിനും ഏതിനും ഗൂഗിളില്‍ തിരഞ്ഞ് കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സാക്ഷാല്‍ ജാവ ബൈക്കുകളെയാണ്. ടോപ് ട്രെന്റിങ് ബൈക്കില്‍ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ടിവിഎസ് അപ്പാച്ചെ സീരീസും.
മഹീന്ദ്രയ്ക്ക് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവയുടെ ബ്രാന്‍ഡ് മൂല്യമാണ് ജനപ്രീതി ഉയര്‍ത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പഴയ ഐതിഹാസിക രൂപം അതുപോലെ നിലനിര്‍ത്താന്‍ ശ്രമിച്ചതും വാഹനപ്രേമികളെ ജാവയിലേക്ക് അടുപ്പിച്ചു. ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പുറത്തിറങ്ങിയ ജാവ ബൈക്കുകള്‍ അടുത്ത വര്‍ഷം തുടക്കത്തോടെ മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറു. ഉയര്‍ന്ന ബുക്കിങ് കാരണം നിലവില്‍ ജാവയുടെ ബുക്കിങും കമ്പനി നിര്‍ത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ വിപണിയിലെ വില്പനയില് ആദ്യ സ്ഥാനങ്ങളിലുള്ള ഇരുചക്ര വാഹനങ്ങളല്ല ടോപ് ട്രെന്റിങ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളവയൊന്നും. ജാവയ്ക്കും അപ്പാച്ചെയ്ക്കും ശേഷം സുസുക്കി ഇന്‍ട്രൂഡര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് എന്നിവയാണ് ലിസ്റ്റില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹീറോ എക്സ്ട്രീം 200ആര്, ടിവിഎസ് റേഡിയോണ്, ഹീറോ ഡെസ്റ്റിനി 125, ഹീറോ എക്സ്പ്ലസ് 200, ബിഎംഡബ്ല്യു ജി 310 ട്വിന്‍സ് എന്നിവയാണ് യഥാക്രമം ആറു മുതല്‍ പത്തുവരെയുള്ളത്.
Content Highlights; 2018 Google's Top Trending Two Wheelers In India