കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കോഴ്‌സുകളിലേക്ക് ഏപ്രില്‍ മാസം നടന്ന പ്രവേശന പരീക്ഷയില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവെച്ച പരീക്ഷ മെയ് 24-ന് എറണാകുളം, പുത്തന്‍കുരിശ്, വാരിക്കോലിയിലുള്ള മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സില്‍ നടക്കും. ബി.ടെക്ക്, ഇക്കണോമിക്‌സ് പരീക്ഷകള്‍ രാവിലെ 9.30നും മറ്റു പരീക്ഷകള്‍ ഉച്ചക്ക് രണ്ടു മണിക്കുമാണ് ആരംഭിക്കുന്നത്. പുനഃപ്രവേശന പരീക്ഷയെഴുതാന്‍ അര്‍ഹരായ അപേക്ഷകരുടെ രജിസ്റ്റര്‍ നമ്പറുകള്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.cusat.nic.in ല്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് മെയ് 19 മുതല്‍ പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ അവരവരുടെ ലോഗിന്‍ / ഹോം പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖയുടെ ഒര്‍ജിനല്‍, പേന എന്നിവ സഹിതം 24-ാം തീയതി നിശ്ചിത സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ഐ.ആര്‍.എ.എ. ഡയറക്ടര്‍ അറിയിച്ചു.
സൗജന്യ ജെ.ആര്‍.എഫ് / നെറ്റ് പരീക്ഷാ പരിശീലനം
യു.ജി.സി നടത്തുന്ന ജെ.ആര്‍.എഫ് / നെറ്റ് (പേപ്പര്‍-1) യോഗ്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പിന്നോക്ക വിഭാഗത്തിലും മറ്റര്‍ഹ വിഭാഗത്തിലുമുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുസാറ്റിലെ ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ലും സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയും മെയ് 28 മുതല്‍ ജൂണ്‍ 13 വരെ സമഗ്ര പരിശീലന പരിപാടി നടത്തുന്നു. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2576756, 9946167556, ഇ-മെയില്‍: eoc@cusat.ac.in, ugb@cusat.ac.in