ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തോടനുബന്ധിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ടുപിടുത്ത, ഉല്പാദന മേഖലകളില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. വി സ്റ്റാര്‍ മാനേജിംങ്ങ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകള്‍ വീട്ടു ജോലികളില്‍ മാത്രം ഒതുങ്ങാതെ സര്‍ഗ്ഗാത്മക വൈഭവം പരിപോഷിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഷീല കൊച്ചൗസേപ്പ് അഭിപ്രായപ്പെട്ടു. ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം പ്രൊഫസര്‍ ഡോ.ടി.ജി.അജിത, ബുക്ക് എന്‍മീറ്റ് ചീഫ് ടെക്‌നോളജി ഓഫീസര്‍ പ്രശാന്തി നാഥന്‍, തേവര എസ്എച്ച് കോളേജ് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ മേധാവി ഡോ.ആശ ആച്ചി ജോസഫ്, ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.എം.ഭാസി, കോ ഓര്‍ഡിനേറ്റര്‍ ഡോ.ഐ.ജി. രതീഷ് എന്നിവര്‍ പങ്കെടുത്തു. രാജ്യാന്തര ഇന്നവേറ്റീവ് ഫിലിം ഫെസ്റ്റിവലില്‍ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളില്‍ പുരസ്‌കാരം ലഭിച്ച 'ഒരേ ഉടല്‍' ചിത്രം പരിപാടിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു.
അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനം ആരംഭിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തിന് (ഐ.സി.ആര്‍.ടി.ജി.സി-2018) തുടക്കമായി. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ആര്‍.ബി ബപത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോമ്പിനോട്ടറിക്‌സുമായി ബന്ധപ്പെട്ടുള്ള ഭാരതത്തിന്റെ പൗരാണിക സംഭാവനകള്‍ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഹംഗറി ആല്‍ഫ്രഡ് റെനി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. മിക്കിയോസ് സിമ്രാനോവിച്ച്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ സയന്റിസ്റ്റ് ബിനുജ തോമസ്, സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. എം. ഭാസി, വകുപ്പ് മേധാവി ഡോ. വി.ബി. കിരണ്‍ കുമാര്‍, പ്രൊഫ. എ. വിജയകുമാര്‍, പ്രൊഫ. പി.ജി. റോമിയോ എന്നിവര്‍ സംസാരിച്ചു. ഇന്ത്യയില്‍ നിന്നും വിദേശത്തനിന്നുമുള്ള 30 ലധികം ഗണിത ശാസ്ത്ര വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തും. ഗണിതശാസ്ത്ര വകുപ്പില്‍ നിന്നും വിരമിക്കുന്ന പ്രൊഫ. എ. വിജയകുമാറിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച സമ്മേളനം 29 ന് സമാപിക്കും.
സ്വീപ്പര്‍ ഇന്റര്‍വ്യു തീയതി മാറ്റി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്വീപ്പര്‍ തസ്തികയിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരുടെ ഇന്റര്‍വ്യു മെയ് 7 ല്‍ നിന്നും മെയ് 9 -ലേയ്ക്ക് മാറ്റി വച്ചതായി സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. മറ്റു തീയതികളില്‍ നിശ്ചയിച്ചിട്ടുള്ള ഇന്റര്‍വ്യൂവിന് മാറ്റമില്ല. ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത വിവരം അറിയിച്ചുകൊണ്ടുള്ള മെമ്മൊ അയച്ചിട്ടുണ്ട്. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസത്തില്‍ മാറ്റമുള്ള അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം സര്‍വ്വകലാശാലയിലെ റിക്രൂട്ട്‌മെന്റ് സെക്ഷനില്‍ അറിയിക്കണം. കൂടതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2862252, 2575396.