കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട 'സൈബര്‍ ക്യൂബ് -2018' പഞ്ചദിന അന്തര്‍ദേശീയ ശില്‍പ്പശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പും തൃശ്ശൂര്‍ കേരള പോലീസ് അക്കാഡമിയും സംയുക്തമായി നടത്തുന്ന ശില്‍പ്പശാല സൈബര്‍ കുറ്റാന്വേഷണങ്ങളില്‍ പോലിസിനെ സഹായിക്കാന്‍ കഴിയുന്നതാകട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ജെ. ലത ആശംസിച്ചു. കൊച്ചി സര്‍വ്വകലാശാലയും കേരളാ പോലീസും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ ധാരണയായി. ഇതിന്റെ ഭാഗമായി കുസാറ്റില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സൈബര്‍ ഇന്റലിജന്‍സില്‍ ഹ്രസ്വകാല കോഴ്‌സ് ആരംഭിക്കും. ഇന്നത്തെ സാങ്കേതിക യുഗത്തില്‍ സൈബര്‍ സുരക്ഷ, സൈബര്‍ ഫോറന്‍സിക്, സൈബര്‍ നിയമം തുടങ്ങിയവ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണെന്നും ഈ മേഖലയില്‍ കുസാറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യുമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ അഭിപ്രായപ്പെട്ടു. കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ നിന്നും വിരമിക്കുന്ന ഡോ. കെ.വി പ്രമോദിനെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫ. ചീ പെങ് ലിം (ഡീകിന്‍ സര്‍വ്വകലാശാല, ഓസ്‌ട്രേലിയ), പ്രൊഫ. എസ്.എസ് നിഷാന്താ പെരേര (കൊളംബോ സര്‍വ്വകലാശാല, ശ്രീലങ്ക), എ.ആര്‍.എസ് ഐയ്യര്‍(ജോയിന്റ് ഡയറക്ടര്‍ (റിട്ട.), ഇന്റലിജന്‍സ് ബ്യൂറോ, ഇന്ത്യ) തുടങ്ങിയ ഇന്ത്യയിലും വിദേശത്തുമുള്ള സൈബര്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ധര്‍ സൈബര്‍ സുരക്ഷയും ഭീഷണികളും, സ്വകാര്യത, സോഷ്യല്‍ മീഡിയ സെക്യൂരിറ്റി, സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ രീതികളും, സൈബര്‍ ഫോറന്‍സിക്‌സ്, മൊബൈല്‍ ഫോറന്‍സിക്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിക്കും. മിലിട്ടറി, പോലീസ്, കോടതി, ബാങ്ക്, കമ്പ്യൂട്ടര്‍ അനുബന്ധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാഗസ്ഥര്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍, വക്കീലന്മാര്‍, ഗവേഷകര്‍, യൂണിവേഴ്‌സിറ്റി - കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്രദമാകുന്ന രീതിയിലാണ് അഞ്ചു ദിവസത്തെ ക്ലാസുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ശില്‍പ്പശാല 24 നു സമാപിക്കും.
'സയന്‍സും സാങ്കേതിക വിദ്യയും' അന്താരാഷ്ട്ര സമ്മേളനം 23 ന് ആരംഭിക്കും
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ അപ്ലൈഡ് സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'സയന്‍സും സാങ്കേതികവിദ്യയും' എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം 23 മുതല്‍ 25 വരെ നടക്കും. തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത സമ്മേളനം ഉദ്ഘാടനം ചെയ്യും. സയന്‍സും സാങ്കേതിക വിദ്യയും ശാസ്ത്രലോകത്തിന്റെ വളര്‍ച്ചയില്‍ എങ്ങനെ സഹായിക്കും എന്നു പ്രതിപാദിക്കുന്ന 150 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് പോസ്റ്റര്‍ മത്സരവും, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് പേപ്പര്‍ മത്സരവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. ഓസ്‌ട്രേലിയ, ശ്രീലങ്ക, മലേഷ്യ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളിലും വ്യവസായ മേഖലകളിലുമുള്ള 200 ലധികം വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 25ന് സമാപിക്കും.