ജിയോ സയന്‍സസ്, തീരദേശപഠനം, ഹൈഡ്രോളജിക്കല്‍ ആന്റ് അറ്റ്‌മോസ്‌ഫെറിക് സയന്‍സസ്, റിമോട്ട് സെന്‍സിംഗ്, ജിയോ ഇന്‍ഫോമാറ്റിക്‌സ് എന്നീ മേഖലകളില്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കി കൊണ്ട് കൊച്ചി സര്‍വ്വകലാശാല, ദേശീയ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഭൗമ ശാസ്ത്ര പഠന കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി എന്‍.സി.ഇ.എസ്.എസ് കുസാറ്റിന്റെ അംഗീകൃത ഗവേഷണ കേന്ദ്രം ആയിരിക്കും. ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുത്താം. കൂടാതെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അവസാന വര്‍ഷ പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള സൗകര്യവും ഇതുവഴി ലഭിക്കും. ബിരുദാനന്തര, ബിരുദ, ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങുവാനും ധാരണയായിട്ടുണ്ട്. കുസാറ്റിലെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസിലെ വിവിധ വകുപ്പുകളുമായി ഗവേഷണ പദ്ധതികള്‍ ഇതിലൂടെ തുടക്കം കുറിക്കും. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയും എന്‍.സി.ഇ.എസ്.എസ് ഡയറക്ടര്‍ ഡോ. പൂര്‍ണ്ണ ചന്ദ്ര റാവു എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, ഐ.ആര്‍.എ.എ ഡയറക്ടര്‍ ഡോ. കെ.കെ സാജു, സി.ഇ.എസ്.എസ് ഗ്രൂപ്പ് ഹെഡ് ടി. എന്‍. പ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.