സാങ്കേതികതയില്‍ ഊന്നിയ സമ്പദ്ഘടനയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. അത്തരത്തിലൂടെയുള്ള മുന്നേറ്റത്തിന് മാനവ വിഭവ നൈപുണ്യ ശേഷി ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് കൊച്ചി സര്‍വ്വകലാശാലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ കൗശല്‍ കേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാനവ വിഭവ ശേഷി അന്തര്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത പറഞ്ഞു. കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ കൗശല്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. സക്കറിയ കെ.എ, സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.കെ. സാജു, ഡി.ഡി.യു.കെ.കെ ഉപദേശക സമിതി അംഗം ഡോ. ജെ. രാജന്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. രഞ്ജിനി ഡി, സ്മാര്‍ട്ടി പി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്ഥാപന ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പഠനാധിഷ്ഠിതമായ പരിശീലനം എന്ന വിഷയത്തില്‍ പോളണ്ടിലെ വ്രോക്ലോ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. കാമില ലുഡ്‌വിക്കോസ്‌കയും സാങ്കേതികതയില്‍ ഊന്നിയ വികസ്വര സമ്പദ് വ്യവസ്ഥകളിലെ നൈപുണ്യ വികസന അജണ്ട എന്ന വിഷയത്തില്‍ മലേഷ്യയിലെ പെനാംഗ് സ്‌കില്‍സ് ഡവലപ്പ്‌മെന്റ് സെന്ററിലെ മുഹമ്മദ് അലി ബിന്‍ ഹജാ മൈദിനും പ്രഭാഷണം നടത്തി. സമ്മേളനം വ്യാഴാഴ്ച്ച സമാപിക്കും.
ബൗദ്ധിക ഗുണാങ്കത്തേക്കാള്‍ വൈകാരിക ഗുണാങ്കം കുട്ടികളില്‍ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം
ഇന്ന് മാതാപിതാക്കള്‍, കുട്ടികള്‍ ജനിക്കുന്ന സമയം മുതല്‍ ബൗദ്ധിക ഗുണാങ്കം മെച്ചപ്പെടുത്തുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. വൈകാരിക ഗുണാങ്കം ഉയര്‍ത്തിയാല്‍ മാത്രമേ കുട്ടികളുടെ തനതായ വ്യക്തിത്വ വികസനം പൂര്‍ണ്ണമാകുകയുള്ളുവെന്ന് സുപ്രസിദ്ധ ന്യൂറോ മനശാസ്ത്രഞ്ജനും ബോളിവുഡ് നടനുമായ പത്മശ്രീ ഡോ. മോഹന്‍ അഗാഷെ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 5000 വര്‍ഷത്തെ പാരമ്പര്യമാണ് ഭാരതത്തിന്റെ ശക്തി. എന്നാല്‍ അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ക്ക് ഇത്തരം ഒരു പാരമ്പര്യ സമ്പത്ത് അവകാശപ്പെടാന്‍ ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊച്ചി സര്‍വ്വകലാശാലയിലെ ബയോ ടെക്‌നോളജി വകുപ്പ് സംഘടിപ്പിച്ച മസ്തിഷ്‌ക ബോധവത്കരണ ദിനാഘോഷം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ലിനിക്കല്‍ സൈക്കോളജിയിലും സൈക്കോ ഫാര്‍മ്മക്കോളജിയിലും നിരവധി ഗവേഷണം നടത്തിയ അദ്ദേഹം പൂനെ ബി.ജെ മെഡിക്കല്‍ കോളേജ് പ്രൊഫസറായിരുന്നു. ഡോക്ടറായിരിക്കെ തന്നെ മനശാസ്ത്രവുമായി ബന്ധപ്പെട്ട നാടകങ്ങളിലും ബോളിവുഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. സുസ്മാന്‍ (1987), പതംഗ് (1994), ട്രേയിന്‍ ടു പാക്കിസ്ഥാന്‍ (1998), കസവ് (2017) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹത്തിന് 1990 ല്‍ രാജ്യം പത്മശ്രി നല്‍കി ആദരിച്ചു. സെമിനാര്‍ കോംപ്ലക്‌സ് ഹാളില്‍ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ അധ്യക്ഷനായി.