കൊച്ചി സര്‍വ്വകലാശാലയുടെ ദീന്‍ ദയാല്‍ ഉപാധ്യായ കൗശല്‍ കേന്ദ്രം നടത്തുന്ന ബി.വോക്, എം.വോക് കോഴ്‌സുകളിലേയ്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുളള അവസാനതീയതി മാര്‍ച്ച് 27 വരെ നീട്ടി. അപേക്ഷാഫീസ് 28 വരെ സ്വീകരിക്കുമെന്ന് ഡയറക്ടര്‍, ഐ.ആര്‍.എ.എ. വിഭാഗം അറിയിച്ചു. ഫോണ്‍ നം. 9846554444.
യു.എസ് - ഇന്ത്യ വിദ്യാഭ്യാസ ഫൗണ്ടേഷന്‍ സംഘം കുസാറ്റില്‍
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സര്‍വ്വകലാശാലകള്‍ തമ്മിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയിലെത്തിയിട്ടുള്ള യു.എസ് ഇന്ത്യ വിദ്യാഭ്യാസ ഫൗണ്ടേഷന്റെ പ്രതിനിധികള്‍ കൊച്ചി സര്‍വ്വകലാശാല സന്ദര്‍ശിച്ചു. വൈസ് ചാന്‍സിലര്‍ ഡോ.ജെ.ലത, പ്രോ വൈസ് ചാന്‍സിലര്‍ ഡോ.പി.ജി.ശങ്കരന്‍, ഐ ആര്‍ എ എ ഡയറക്ടര്‍ ഡോ. കെ. കെ. സാജു, വിവിധ ഫാക്കല്‍ട്ടി ഡീന്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച്ചകളും, ചര്‍ച്ചകളും നടത്തി. അമേരിക്കയിലും ഇന്ത്യയിലും ഇരു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനം നടത്താനുള്ള ഫുള്‍ ബ്രൈറ്റ് ഫെല്ലോഷിപ്പ്, ഫുള്‍ ബ്രൈറ്റ് - നെഹ്രു ഫെല്ലോഷിപ്പ് എന്നിവ അനുവദിക്കുന്ന പ്രസ്തുത ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം. അമേരിക്കയിലെ 14 സര്‍വ്വകലാശാലകളില്‍ നിന്നുള്ള 22 പ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ക്യഷ്ണ സോബ്തി രചനകള്‍ സമൂഹത്തിന് മാതൃക: സുധ അറോറ
കൊച്ചി സര്‍വ്വകലാശാലയിലെ ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ സാഹിത്യപ്രതിഷ്ഠാന്റെ സഹകരണത്തോടെ ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത ഹിന്ദി സാഹിത്യകാരിയുമായ ക്യഷ്ണ സോബ്തിയുടെ രചനകളെക്കുറിച്ച് ക്യഷ്ണ സോബ്തി കാ രചനാ സന്‍സാര്‍ എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത ഹിന്ദി സാഹിത്യകാരി സുധ അറോറ ഉദ്ഘാടനം ചെയ്തു.
ക്യഷ്ണ സോബ്തിയുടെ രചനകളുടെ അടിസ്ഥാനം സ്ത്രീ കുടുംബം സമൂഹം എന്നിവയെ കോര്‍ത്തിണക്കി മൂല്യാധിഷ്ഠിതമായ തനതു ശൈലിയാണെന്ന് സുധ അറോറ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഹിന്ദിചരത്ര പരിഷിത്തിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ രചനകളെ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ പ്രതിഭ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം സുധ അറോറ നിര്‍വ്വഹിച്ചു. ഹിന്ദി വകുപ്പ് മേധാവി ഡോ. കെ. അജിത അദ്ധ്യക്ഷയായി.
ഇന്ത്യന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് ദേശീയ സമ്മേളനത്തിന് തുടക്കമായി
കൊച്ചി സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ് നടത്തുന്ന 8-ാമത് ഇന്ത്യന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ.ജെ.ലത നിര്‍വ്വഹിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ് മേധാവി ഡോ.ബി.കണ്ണന്‍ അദ്ധ്യക്ഷനായി. ഐ.ഐ.ടി മദ്രാസിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഡോ ഹേമാ എ. മൂര്‍ത്തി സമ്മേളനത്തിന്റെ പ്രൊസീഡിംങ്ങ്‌സ് (എന്‍.സി.ഐ.എല്‍.സി 2018) പ്രകാശനം ചെയ്തു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ് മുന്‍മേധാവി ഡോ. കെ.വി പ്രമോദിനെ കമ്പ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെയും സംഭാവനകളെയും പ്രകീര്‍ത്തിച്ച് ഡോ ഹേമാ എ. മൂര്‍ത്തി പൊന്നാട അണയിച്ച് ആദരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.