കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സറ്റഡീസില്‍ 'എറണാകുളം ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുമായി' ബന്ധപ്പെട്ട ഗവേഷണ പ്രൊജക്ടില്‍ ഫീല്‍ഡ് ഇന്‍വസ്റ്റിഗേറ്ററുടെ ഒഴിവുണ്ട്. എം.ബി.എ / എം.എ അപ്ലൈഡ് എക്കണോമിക്‌സ് / എക്കണോമിക്‌സ് / ബി.എസ്.സി കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15000 രൂപ. കാലാവധി 10 മാസം. അപേക്ഷ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 19 തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ ഡോ. സംഗീത കെ. പ്രതാപ്, അസിസ്റ്റന്റ് പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കുസാറ്റ്, കൊച്ചി-22 എന്ന വിലാസത്തില്‍ ലഭിക്കണം. (ഫോണ്‍: 0484 2575096)
ഊര്‍ജ്ജ തന്ത്രത്തില്‍ ഗവേഷണ പരിശീലന സ്‌കൂളിന് തുടക്കമായി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഫിസിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഗവേഷണ പരിശീലന സ്‌കൂളിന് തുടക്കമായി. കൊച്ചി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പരിശീലന സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. സ്‌പെയിനിലെ വലന്‍സിയ സര്‍വ്വകലാകാലയിലെ പ്രൊഫ. വിസെന്റ് മുനോസ് സാന്‍ജോസ്, ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് പ്രൊഫ. സിതഭ്ര സിന്‍ഹ, വകുപ്പ് മേധാവി ഡോ. എം. ജുനൈദ് ബുഷിരി, കണ്‍വീനര്‍ ഡോ. ശശിദേവന്‍ എന്നിവര്‍ ഫിസിക്‌സ് വകുപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി 50 ഓളം ഫിസിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഗവേഷണ പരിശീലന സ്‌കൂളില്‍ പങ്കെടുക്കുന്നത്. പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാനും ഉന്നത നിലവാരത്തിലുള്ള പരീക്ഷണങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും പരിശീലന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. 16ന് പരിപാടി സമാപിക്കും.
'ന്യൂ ഏജ് മാര്‍ക്കറ്റിംഗ്' ദേശീയ സമ്മേളനം
കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ 'ന്യൂ ഏജ് മാര്‍ക്കറ്റിംഗ്' ദേശീയ സമ്മേളനം മാര്‍ച്ച് 14ന് നടത്തും. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ. മോളി പി. കോശിയോടുള്ള ആദര സൂചകമായി നടത്തുന്ന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്യും. ജ്യോതി ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കമ്മത്ത് മുഖ്യ പ്രഭാഷണം നടത്തും. പുതിയ കാലത്തിലെ മാര്‍ക്കറ്റിംഗ് പ്രവണതകളെകുറിച്ച് ഈ മേഖലയിലെ അക്കാദമിക് വിദഗ്ധര്‍, ബിസിനസ്സ് മാനേജര്‍മാര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തും.