കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് നടത്തുന്ന 'സംയോജിത ജലവിഭവ പരിപാലനം' ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സംയോജിത ജലപരിപാലനം അനിവാര്യമാണെന്ന് പറഞ്ഞ ഡോ. ജെ ലത, കാലങ്ങളായി ചര്‍ച്ചചെയ്തിട്ടും പരിഹരിക്കാന്‍ കഴിയാത്ത വിഷയത്തിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇന്റര്‍ നാഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ ഫോര്‍ ബിലോ സീലെവല്‍ ഫാമിംഗ് മേധാവി ഡോ. കെ.ജെ.പത്മകുമാര്‍, എസ്.സിഎം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ.സണ്ണി ജോര്‍ജ്ജ് എന്നിവര്‍ ജലവിഭവ, മാനേജുമെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആദ്യ ദിനം ക്ലാസുകള്‍ നയിച്ചു. കെ. എസ്.ഡി.ജി.യിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വി.ബിന്ദു, സി.ഡബ്ല്യു.ഡി.ആര്‍.എം വാട്ടര്‍ ക്വാളിറ്റി വിഭാഗത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.എസ്.ഹരികുമാര്‍ തുടങ്ങിയവര്‍ നാളെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. സെമിനാറില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ശാസ്ത്രഞ്ജര്‍, ഗവേഷകര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
'സിനിമ ആന്റ് ദ സിറ്റി' ദേശീയ സെമിനാര്‍ ആരംഭിച്ചു
കൊച്ചി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യു.ജി.സി സഹകരണത്തോടെ സംഘടിപ്പിച്ച 'സിനിമ ആന്റ് ദ സിറ്റി' ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. സിനിമയും നഗരവത്കരണവും തമ്മില്‍ വിവിധ തലങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നതായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പറഞ്ഞു. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് പ്രൊഫ. ഡോ. സി.എസ്. ജയറാം മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി വകുപ്പ് മേധാവി ഡോ.കെ.അജിത, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് മേധാവി ഡോ.ബൃന്ദ ബാല ശ്രീനിവാസന്‍, പ്രീതിപിള്ള എന്നിവര്‍ സംസാരിച്ചു. സിറ്റി-സിനിമ ബന്ധത്തെകുറിച്ച് വിവിധ മേഖലകളില്‍ വിഷയാവതരണത്തിനും ചര്‍ച്ചകള്‍ക്കും അടുത്ത മൂന്ന് നാള്‍ കുസാറ്റ് വേദിയാകും. 9ന് സെമിനാര്‍ സമാപിക്കും.